മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ ഓർഡിനൻസിന് അനുമതി
text_fieldsമഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ നടന്ന സ്മൃതിചടങ്ങിൽ ഗാന്ധിയുടെ ചിത്രത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പൂക്കൾ അർപ്പിക്കുന്നു
ബംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയമംമൂലം നിയന്ത്രിക്കാൻ ഓർഡിനൻസിന് കർണാടക സർക്കാർ അനുമതി നൽകി. വ്യാഴാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് നിർണായക തീരുമാനം.ലോൺ റിക്കവറി നടപടികളിലെ മോശം സമീപനങ്ങൾ നിയമംമൂലം തടയുകയാണ് ലക്ഷ്യം.
മൈക്രോ ഫിനാൻസ് കമ്പനികളുടെ ഭീഷണിമൂലം നിരവധി പേർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുകയും പലരും വീടൊഴിയുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി ഓർഡിനൻസിലേക്ക് കടക്കുന്നത്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെക്കുന്നതോടെ ഉടൻ നിയമം പ്രാബല്യത്തിൽ വരും.
പല മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും മനുഷ്യത്വരഹിതമായ നടപടികളാണ് ലോൺ റിക്കവറിക്കായി സ്വീകരിക്കുന്നതെന്ന് മന്ത്രിസഭ തീരുമാനം വിശദീകരിച്ച നിയമമന്ത്രി എച്ച്.കെ. പാട്ടീൽ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥതലത്തിൽ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിൽ യോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ദുരുപയോഗങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് മന്ത്രിസഭ യോഗത്തിൽ ഓർഡിനൻസ് സംബന്ധിച്ച ചർച്ച സിദ്ധരാമയ്യ മുന്നോട്ടുവെച്ചത്. ഓർഡിനൻസുമായി മുന്നോട്ടുപോകാൻ മന്ത്രിസഭ പൂർണ അനുമതി നൽകിയതായി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
ബംഗളൂരു, ചാമരാജ് നഗർ, ഹാവേരി, മൈസൂരു, ഉടുപ്പി, ചിക്കമഗളൂരു, കുടക് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽനിന്നുള്ള പീഡന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് മൈക്രോഫിനാൻസ് കമ്പനികളുടെ ജീവനക്കാരിൽനിന്നുള്ള ഭീഷണി സഹിക്കാനാവാതെ കുടക് ജില്ലയിലെ മടിക്കേരിയിലും ചാമരാജ് നഗർ ജില്ലയിലെ യെലന്തൂരും മെസൂരു നഞ്ചൻകോടും ദലിത് കുടുംബങ്ങൾ വീടൊഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

