ബംഗളൂരു നഗരസഭ ഏഴായി വിഭജിക്കാൻ നിയമസഭ സമിതി ശിപാർശ
text_fields1. റിസ്വാൻ അർഷദ് എം.എൽ.എയുടെ നേതൃത്വത്തിൽ റിപ്പോർട്ട് സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിക്കുന്നു 2. റിപ്പോർട്ടിന് അന്തിമരൂപം നൽകാൻ ചേർന്ന യോഗം
ബംഗളൂരു: ബംഗളൂരു നഗരസഭ (ബി.ബി.എം.പി) ഏഴ് മുനിസിപ്പൽ കോർപറേഷനുകളായി വിഭജിക്കാൻ ശിപാർശ ചെയ്യുന്ന റിപ്പോർട്ട് പുനഃസംഘടന സംബന്ധിച്ച നിയമസഭ സബ്ജക്ട് കമ്മിറ്റി തിങ്കളാഴ്ച സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിച്ചു.ശിവാജിനഗർ എം.എൽ.എ റിസ് വാൻ അർഷാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നഗരത്തിലെ എം.എൽ.എമാർ, എം.പിമാർ, മുതിർന്ന ഭരണ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വിവിധ പങ്കാളികളുമായി നിരവധി യോഗങ്ങൾ നടത്തിയശേഷമാണ് റിപ്പോട്ട് തയാറാക്കിയത്.
അർഷാദ്, എം.എൽ.എമാരായ എസ്.ടി. സോമശേഖർ, എ.സി. ശ്രീനിവാസ, ബി. ശിവണ്ണ, പ്രിയകൃഷ്ണ എന്നിവർ ചേർന്ന് റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ ബംഗളൂരു അഡ്മിനിസ്ട്രേഷൻ ബിൽ തയാറാക്കി നിയമസഭയിൽ അവതരിപ്പിക്കും. നഗരത്തിന്റെ മുനിസിപ്പൽ പരിധികൾ വിപുലീകരിക്കാനും ഏഴ് മുനിസിപ്പൽ കോർപറേഷനുകളായി വിഭജിക്കാനും റിപ്പോർട്ട് ശിപാർശ ചെയ്യുന്നുണ്ടെന്നും ഒരു മേയറിനും കമീഷണർക്കും നഗരത്തിന്റെ ഭരണം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും റിപ്പോർട്ട് പറയുന്നു.
ബൃഹത് ബംഗളൂരു മഹാനഗര പാലിഗെ (ബി.ബി.എം.പി), ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ), ബംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്ബി), ബംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം), മറ്റ് ആസൂത്രണ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ വിവിധ പൗര ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. വികേന്ദ്രീകരണത്തിലും മേയറുടെ അധികാരം ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ഏഴ് മുനിസിപ്പൽ കോർപറേഷനുകൾ വരെ രൂപവത്കരിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

