അൻവർ ബാഷയോട് എതിർപ്പ്; വഖഫ് ബോർഡ് ചെയർമാൻ തെരഞ്ഞെടുപ്പ് മാറ്റി
text_fieldsഅൻവർ ബാഷ
ബംഗളൂരു: കർണാടക വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് തിങ്കളാഴ്ച ഉച്ച 12ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ചെയർമാൻ കെ. അൻവർ ബാഷയെ വീണ്ടും തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾക്ക് എതിർപ്പ് ഉയർന്നതാണ് കാരണം. കെ.പി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഉബൈദുല്ല ഷെരീഫും മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ രാഷ്ട്രീയ സെക്രട്ടറിയായിരുന്ന സയ്യിദ് അഷ്റഫും വാർത്തസമ്മേളനത്തിൽ രേഖകൾ സഹിതം ബാഷക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
സർക്കാർ ശ്മശാന ഭൂമി കൈയേറ്റം നടത്തിയെന്ന ആരോപണം ഉന്നയിച്ച അവർ അൻവർ ബാഷയെ വീണ്ടും തെരഞ്ഞെടുക്കരുതെന്നാണ് ആവശ്യപ്പെട്ടത്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ സർക്കാർ വഖഫ് ബോർഡിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്തതിനെക്കുറിച്ചും ആക്ഷേപമുണ്ട്. ന്യൂനപക്ഷ ക്ഷേമ, വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ എടുത്തതായാണ് പ്രധാന ആക്ഷേപം.അൻവർ ബാഷയെ വീണ്ടും ചെയർമാനായി നിയമിച്ചാൽ അദ്ദേഹവും മറ്റ് ബോർഡ് അംഗങ്ങളും ഉൾപ്പെട്ട ഭൂമി കൈയേറ്റങ്ങളും ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സഹിതം വ്യവസ്ഥാപിതമായി പുറത്തുവിടുമെന്ന് ഷെരീഫും അഷ്റഫും മുന്നറിയിപ്പ് നൽകിയിരുന്നു.
മുൻ ചെയർമാൻ ഖാലിദ് അഹമ്മദ്, മൗലാന സയ്യിദ് മുഹിയുദ്ദീൻ ഹുസൈനി പീർ സാദെ, മൗലാന മിർ ഖാസിം അബ്ബാസ്, ഐ.പി.എസ് ഉദ്യോഗസ്ഥ സാറാ ഫാത്തിമ എന്നിവരെ വഖഫ് ബോർഡിലെ അംഗങ്ങളായി സർക്കാർ ഈയിടെ നാമനിർദേശം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

