‘ഓപറേഷൻ കാഗർ ആദിവാസി സമൂഹത്തെയും പ്രകൃതിവിഭവങ്ങളെയും ലക്ഷ്യമിട്ടുള്ള യുദ്ധം’
text_fieldsബംഗളൂരു: 2024 ജനുവരിയിൽ ആരംഭിച്ച ഓപറേഷൻ കാഗർ മധ്യ ഇന്ത്യയിലെ ആദിവാസികളെയും അവിടത്തെ പ്രകൃതി വിഭവങ്ങളെയും നേരിട്ടുള്ള യുദ്ധത്തിനിരയാക്കുകയാണെന്ന് ‘കർണാടക പീപ്ൾസ് ഫോറം എഗൻസ്റ്റ് വാർ ഓൺ ആദിവാസിസ്’ പറഞ്ഞു.
ഇതുവരെ 500ലധികം നിരപരാധികളും പട്ടാളക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 2026 മാർച്ചോടെ നക്സലിസത്തെ അവസാനിപ്പിക്കുമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നിൽ വിപുലമായ സാമ്പത്തിക താൽപര്യങ്ങളാണ് മറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും ഛത്തിസ്ഗഢിലെ റായ്ഗഢിലുമായി ഖനനവും വനനശീകരണവും പുരോഗമിക്കുമ്പോൾ ബസ്താർ പ്രദേശം ‘വിഭവങ്ങൾ കവർന്നെടുക്കുന്നതിനുള്ള സൈനികവത്കരിച്ച മേഖലയായി’ മാറിയിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. മാവോവാദികൾക്കെതിരെ നടക്കുന്ന ഏറ്റുമുട്ടലുകൾ യഥാർഥ്യത്തിൽ നീതിന്യായവിധേയമല്ല.
സമ്മാനത്തുകക്കായി നടത്തുന്ന വ്യാജ ‘എൻകൗണ്ടറുകൾ’ മാത്രമാണ് നടക്കുന്നത്. ജനാധിപത്യ പ്രവർത്തകരെ വ്യാജക്കേസുകളിൽ കുടുക്കുന്നതും ആദിവാസി മുന്നേറ്റ സംഘടനകളെ നിരോധിക്കുന്നതും ഈ യുദ്ധം മാവോവാദികളെ മാത്രമല്ല, ജനാധിപത്യ ശബ്ദങ്ങളെയും ലക്ഷ്യമിടുന്നുവെന്ന് തെളിയിക്കുന്നുവെന്നും അവർ പറഞ്ഞു.
‘ഓപറേഷൻ കാഗർ’ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ബംഗളൂരുവിൽ ശനിയാഴ്ച പരിപാടി സംഘടിപ്പിച്ചതായും സംഘാടകർ അറിയിച്ചു. സെന്റ് മാർക്ക്സ് റോഡിലെ ആശീർവാദ് ലൊയോള ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ കോഓഡിനേഷൻ കമ്മിറ്റി ഫോർ പീസ് അംഗം പ്രഫ. ജി. ഹർഗോപാൽ, ബസ്തറിൽനിന്നുള്ള ആക്ടിവിസ്റ്റ് സോണി സോറി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

