പാക് പൗരന്മാരെല്ലാം യാത്രയായി; ഉമ്മത്തണലിലെ കുട്ടികളൊഴികെ
text_fieldsസിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ മുഴുവൻ പാകിസ്താൻ പൗരന്മാരെയും നാടുകടത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരു ജില്ലയിലെ 134ാമത് അംബേദ്കർ ജയന്തിയിൽ പങ്കെടുക്കാനും താലൂക്കിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും എച്ച്.ഡി കോട്ടെ സന്ദർശിച്ച വേളയിൽ ഹെലിപ്പാഡിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പാക് പൗരത്വമുള്ള മൂന്ന് കുട്ടികൾ മൈസൂരുവിൽ തുടരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അവരെ നാടുകടത്തുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഭർത്താവ് പാകിസ്താനിയാണ്. ഭാര്യ മൈസൂരുവിൽനിന്നുള്ള യുവതിയും -സിദ്ധരാമയ്യ പറഞ്ഞു
മൈസൂരു രാജീവ്നഗറിലെ റംഷാ ജഹാനും ബീബി യാമിന (എട്ട്), മുഹമ്മദ് മുദാസിർ (നാല്), മുഹമ്മദ് യൂസഫ് (മൂന്ന്) എന്നീ മക്കളുമാണ് തുടരുന്നത്. വിസ കാലാവധി നീട്ടുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് റംഷ ജഹാൻ തനിക്കും മക്കൾക്കും വേണ്ടി സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി കഴിഞ്ഞ വ്യാഴാഴ്ച തള്ളിയിരുന്നു.
ദേശസുരക്ഷ മുൻനിർത്തിയുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് നിരീക്ഷിച്ചാണ് അവധിക്കാല ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം.ജി. ഉമ തള്ളിയത്. മാനുഷിക പരിഗണാർഹ വിഷയങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച ഹരജി സ്വീകരിച്ച ജസ്റ്റിസ് ഉമ ബുധനാഴ്ച കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചിരുന്നു.
സർക്കാർ വാദം കേട്ടശേഷമാണ് ഹരജി തള്ളിയത്. പാകിസ്താനിലേക്ക് അതിർത്തി അടഞ്ഞും ഇന്ത്യയിൽ തുടരുന്നതിൽ ഭീഷണി നേരിട്ടും കഴിയുന്ന പ്രതിസന്ധിയിൽനിന്ന് രക്ഷതേടിയാണ് റംഷാ ജഹാൻ തനിക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും വേണ്ടി ഹരജി ഫയൽ ചെയ്തത്. റംഷാ ജഹാൻ പത്ത് വർഷം മുമ്പാണ് ബലൂചിസ്ഥാനിലെ സുയേറ്റയിൽനിന്നുള്ള പാകിസ്താൻ പൗരനായ മുഹമ്മദ് ഫാറൂഖിനെ വിവാഹം കഴിച്ചത്. ദമ്പതികളുടെ മൂന്ന് മക്കളും പാകിസ്താനിൽ ജനിച്ച പാക് പൗരത്വം നേടിയവരാണ്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ ഇന്ത്യയിലെത്തിയത്.
ദശാബ്ദത്തിലേറെയായി പാകിസ്താനിൽ താമസിച്ചിട്ടും ഇന്ത്യൻ വംശജയായതിനാൽ റംഷക്ക് പാക് പൗരത്വമായില്ല. കഴിഞ്ഞ ജനുവരി നാലിന് അവരും കുട്ടികളും സാധുവായ വിസകളോടെ ഇന്ത്യയിൽ പ്രവേശിച്ചതാണ്. പിന്നീട് ഫെബ്രുവരി 17 മുതൽ ജൂൺ 18 വരെ വിസ നീട്ടി. എന്നാൽ, പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് എല്ലാ പാകിസ്താൻ പൗരന്മാരും കഴിഞ്ഞ മാസം 30 നകം ഇന്ത്യ വിടണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. യാത്രക്ക് മുമ്പ് റംഷ ഉദയഗിരി പൊലീസ് സ്റ്റേഷനിൽനിന്ന് എക്സിറ്റ് പെർമിറ്റ് നേടിയിരുന്നു.
ഏപ്രിൽ 28ന് റംഷയും കുട്ടികളും അട്ടാരി അതിർത്തിയിൽ എത്തിയിരുന്നു. പാകിസ്താൻ പൗരന്മാരായ മൂന്ന് കുട്ടികളെയും കൊണ്ടുപോകാൻ സമ്മതിച്ചെങ്കിലും ഇന്ത്യൻ പൗരയായതിനാൽ റംഷക്ക് പ്രവേശം നിഷേധിച്ചതിനാൽ അവർക്ക് കടക്കാൻ കഴിഞ്ഞില്ല. ഭർത്താവ് അവരെ സ്വീകരിക്കാൻ എത്തിയിരുന്നില്ല. ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് റംഷ ഉദ്യോഗസ്ഥരോട് അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു.
പാകിസ്താനിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥയിൽ ഇന്ത്യൻ ഇമിഗ്രേഷൻ അധികൃതരുടെ സഹായത്തോടെ റംഷ മൈസൂരുവിലെ കുടുംബ വീട്ടിലേക്ക് മടങ്ങി. ഭർത്താവിനരികിലെത്താൻ ബംഗളൂരുവിലെ ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിൽ പാകിസ്താൻ വിസക്ക് റംഷ അപേക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

