തുടരുന്ന തോട്ടിപ്പണി: രൂക്ഷ വിമർശനവുമായി കർണാടക ഹൈകോടതി
text_fieldsകേസുകളുടെ സ്ഥിതി ഇങ്ങനെ: 2019-20 30 കേസ്, 2020-21 14 കേസ്, 2021-22 15 കേസ്, 2022-23 28 കേസ്, 2023-24 (ഇതുവരെ): 37 കേസ്
ബംഗളൂരു: തൊഴിലാളികളെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്നത് മനുഷ്യത്വത്തിനുതന്നെ അപമാനമാണെന്ന് കർണാടക ഹൈകോടതി. തൊഴിലാളികളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കോരിക്കുന്ന പ്രവൃത്തി തുടരുന്നത് സംബന്ധിച്ച മാധ്യമവാർത്തയെ തുടർന്നാണ് ഹൈകോടതിയുടെ നിരീക്ഷണം. തോട്ടിപ്പണിക്ക് ഇന്ത്യയിൽ നിയമംമൂലം നിരോധനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിലെ താഴ്ന്ന ജാതിക്കാരെക്കൊണ്ട് ഇത്തരം പണിയെടുക്കുന്നത് കർണാടകയിൽ തുടരുന്ന സാഹചര്യത്തിലാണ് മാധ്യമ റിപ്പോർട്ട്. വിഷയത്തിൽ ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച കേസിൽ ഹൈകോടതിയെ സഹായിക്കാൻ അഡ്വക്കറ്റ് ശ്രീധർ പ്രഭുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ച ബെഞ്ച്, അഭിഭാഷകനോട് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്യാൻ നിർദേശിച്ചു. ഈ ഹരജി ജനുവരി എട്ടിന് കോടതി പരിഗണിക്കും. ‘മണ്ണിനുപോലും വിലയുണ്ട്; എന്നാൽ, മനുഷ്യന് ലവലേശം വിലയില്ല’ എന്ന കവി സാഹിർ ലുധിയാൻവിയുടെ പ്രശസ്തമായ വരികൾ പരാമർശിച്ചായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. നമ്മൾ ചന്ദ്രനിലേക്ക് പറന്നിട്ടും നമ്മുടെ സഹോദരങ്ങളെ മനുഷ്യരായി കാണാൻ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
മനുഷ്യനെ കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്നതായ വാർത്ത മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കോലാറിലെ മാലൂരിൽ സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ പട്ടികജാതി വിദ്യാർഥികളെ കൊണ്ട് കക്കൂസ് മാലിന്യം കോരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമ വാർത്ത. താഴ്ന്ന ജാതിയിൽപെട്ടവരായതുകൊണ്ട് അവരോട് ഈ തൊഴിൽ ചെയ്യാൻ നിർബന്ധിക്കുന്ന സാമൂഹിക ചുറ്റുപാട് ഏറെ അസ്വസ്ഥപ്പെടുത്തുന്നതായി കോടതി പറഞ്ഞു. ഈ സമൂഹത്തിൽ തങ്ങളുടെ സഹോദരനായ ഒരാൾ, അയാൾ പിറന്നുവീണ ജാതിയുടെ മുദ്ര അയാൾക്കുമേൽ പതിച്ചിരിക്കുന്നതിനാൽ, തോട്ടിപ്പണി ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണ്. ഇത് മനുഷ്യത്വത്തിന് അപമാനമല്ലേ? ദാരിദ്ര്യംകൊണ്ട് പ്രയാസപ്പെടുന്നയാൾ ഒരു മൃഗത്തിന്റെപോലും വിലയില്ലാതെ ജീവിക്കേണ്ടി വരുന്നു.
ഇതിനാണോ നാമെല്ലാം ഇവിടെയെത്തിപ്പെട്ടിരിക്കുന്നത്? എല്ലാവരും തുല്യരായിരിക്കുന്നതാണ് സ്വാതന്ത്ര്യസമര സേനാനികളും സാമൂഹിക പരിഷ്കർത്താക്കളും സ്വപ്നം കണ്ടത്. എന്നാൽ, വർഷങ്ങൾക്കുശേഷവും കർണാടകയിൽപോലും എന്താണ് സംഭവിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങളെക്കൊണ്ട് ഇത്തരം ജോലി ചെയ്യിപ്പിക്കുന്നത്? മാൻഹോളുകൾ (ആൾനൂഴികൾ) വൃത്തിയാക്കാൻ സാങ്കേതിക ഉപകരണങ്ങളുള്ളപ്പോഴും നമ്മുടെ മനസ്സ് മാറാത്തതെന്താണ്? -കോടതി ചോദിച്ചു. പ്രസ്തുത വിഷയം പരിശോധിക്കാൻ കർണാടക സർക്കാറിന്റെ അഭിഭാഷകനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
തോട്ടിപ്പണി കൂടുതലും ബംഗളൂരു നഗരത്തിൽ
ബംഗളൂരു: മനുഷ്യരെക്കൊണ്ട് തോട്ടിപ്പണിയെടുപ്പിക്കുന്ന സംഭവങ്ങൾ കർണാടകയിൽ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെട്ടത് ബംഗളൂരു നഗരത്തിൽ. 2019 മുതൽ 2023 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 57 കേസുകളിൽ 40 എണ്ണവും ബംഗളൂരു അർബൻ ജില്ലയിലാണെന്ന് കണക്കുകൾ പറയുന്നു. ഒമ്പത് കേസുകൾ ഗദകിലും ആറു കേസുകൾ കോലാറിലും രണ്ടു കേസുകൾ ബംഗളൂരു റൂറലിലും റിപ്പോർട്ട് ചെയ്തു. ഇതിൽ ആകെ 10 കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

