അന്തർസംസ്ഥാന വ്യാജ മരുന്ന് റാക്കറ്റിൽ ഒരാൾ കൂടി അറസ്റ്റിൽ
text_fieldsബംഗളൂരു: അന്തർസംസ്ഥാന വ്യാജ മരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബാലസുബ്രഹ്മണ്യനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ചൊവ്വാഴ്ച ചെന്നൈയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി പ്രശാന്തിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അസർബൈജാനിൽ നിന്ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തിങ്കളാഴ്ചയാണ് കേസിലെ പ്രതിയായ പ്രശാന്ത് രാജൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പുറത്തുവന്നതുമുതൽ ഇയാൾ ഒളിവിലായിരുന്നുവെന്നാണ് സൂചന.
പ്രശാന്തും ബാലസുബ്രഹ്മണ്യനും ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഡി.എം ഫാർമയിൽ പങ്കാളിയായിരുന്നുവെന്നും വ്യാജ മരുന്നുകളുടെ നിർമാണത്തിലും വിതരണത്തിലും അദ്ദേഹത്തിന്‍റെ പങ്ക് അന്വേഷണത്തിൽ പുറത്തുവന്നതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാലസുബ്രഹ്മണ്യനെ ബുധനാഴ്ച ചോദ്യം ചെയ്യുന്നതിനായി ബംഗളൂരുവിലേക്ക് കൊണ്ടുവന്നു.
കോടതിയിൽ ഹാജരാക്കിയ ബാലസുബ്രഹ്മണ്യനെ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസം എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. വ്യാജ മരുന്നുകളുടെ വിതരണ ശൃംഖല, സാമ്പത്തിക ഇടപാടുകൾ, അന്തർസംസ്ഥാന വിതരണ മാർഗങ്ങൾ എന്നിവ കണ്ടെത്തുന്നതിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രശാന്തിനെ ചോദ്യം ചെയ്തുവരികയാണ്. ആരോപണവിധേയമായ റാക്കറ്റുമായി ബന്ധമുള്ള മറ്റ് വ്യക്തികളുടെ പങ്കും എസ്.ഐ.ടി പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. ആഗസ്റ്റ് 18 ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും കർണാടക ഭക്ഷ്യസുരക്ഷാ മരുന്ന് അഡ്മിനിസ്ട്രേഷനും ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഒരു ഫാംഹൗസിൽ നടത്തിയ റെയ്ഡില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
തെലങ്കാനയിലെയും ഹിമാചൽ പ്രദേശിലെയും ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് വിലകുറഞ്ഞ മരുന്നുകൾ സംഭരിക്കുകയും ബിഡദിയിലെ കേന്ദ്രത്തില്‍ നിന്നും പുതിയ പാക്കറ്റുകളാക്കി മാറ്റുകയും ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാൻഡുകളായി അവയെ പുനർനാമകരണം ചെയ്യുകയും ചെയ്തുവെന്ന് കേസിന്‍റെ വിശദാംശങ്ങൾ പങ്കുവെച്ച ആരോഗ്യമന്ത്രി യു.ടി. ഖാദർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

