കർണാടകയിൽ മാസം ഒരു ദിവസം ആർത്തവ അവധി
text_fieldsബംഗളൂരു: കർണാടക സർക്കാർ 2025ലെ ആർത്തവ അവധി നയത്തിൽ ജീവനക്കാരികൾക്ക് എല്ലാ മാസവും ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി ഉൾപ്പെടുത്തി. തൊഴിൽ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് നയം രൂപകൽപന ചെയ്യുന്നത്.
പൊതു, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഇത് നിർബന്ധമായി പാലിക്കണം. സർക്കാർ ഓഫിസുകൾ, വസ്ത്ര ഫാക്ടറികൾ പോലുള്ള വിവിധ സ്വകാര്യ മേഖല വ്യവസായങ്ങൾ, മൾട്ടി നാഷണൽ കമ്പനികൾ, ഐ.ടി, സംസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലെ മുഴുവൻ വനിതാ ജീവനക്കാർക്കും ആർത്തവ അവധി നയം ബാധകമാകും. ഇത്തരമൊരു സമഗ്രനയം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കർണാടക മാറുമെന്ന് തൊഴിൽ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു.
2024ൽ പ്രതിവർഷം ആറ് ആർത്തവ അവധി വാഗ്ദാനം ചെയ്തിരുന്ന പ്രാരംഭ നിർദേശത്തിൽ നിന്ന് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി നൽകുന്ന നിലവിലെ പതിപ്പിലേക്ക് ഈ നയം വികസിച്ചു. ആർത്തവ സമയത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്ന ശാരീരിക വേദനയും മാനസിക സമ്മർദവും തനിക്കറിയാം. ഇക്കാലത്ത് സ്ത്രീകൾ എല്ലാ മേഖലകളിലുമുണ്ട്. ഈ നയം അവരിൽ ഓരോരുത്തരെയും സഹായിക്കും.
കർണാടകയുടെ ഈ നീക്കം പ്രത്യേകിച്ച് നൂറുകണക്കിന് വസ്ത്ര ഫാക്ടറികളും ധാരാളം ഐ.ടി കമ്പനികളും സ്ഥിതി ചെയ്യുന്ന ബംഗളൂരുവിൽ കാര്യമായ സ്വാധീനം ചെലുത്തും. നഗരത്തിൽ അഞ്ച് ലക്ഷത്തിലധികം വസ്ത്ര തൊഴിലാളികളുണ്ട്. അവരിൽ 90 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളും-സന്തോഷ് ലാഡ് വ്യക്തമാക്കി.
അതേസമയം, കേരളം ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐ.ടി.ഐ) വനിത ട്രെയിനികൾക്ക് പ്രതിമാസം രണ്ട് ദിവസത്തെ ആർത്തവ അവധി ഏർപ്പെടുത്തിയിട്ടുണ്ട്. ബിഹാറും ഒഡീഷയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തി 12 ദിവസത്തെ വാർഷിക ആർത്തവ അവധി നയം നടപ്പിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

