പായ്വഞ്ചികൾക്ക് യെലഹങ്ക ഓളങ്ങളിൽ പുനർജനി
text_fieldsബംഗളൂരു: ഒളിമ്പിക് കായിക ഇനമായ സെയിലിങ് ബംഗളൂരുവിൽ ആരംഭിക്കുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലിഗെ (ബി.ബി.എം.പി) റോയൽ മൈസൂർ സെയിലിങ് ക്ലബുമായി (ആർ.എം.എസ്.സി) സഹകരിച്ച് ബംഗളൂരുവിലെ ഏറ്റവും വലിയ ജലാശയമായ യെലഹങ്ക തടാകത്തിൽ സെയിലിങ്ങിൽ ക്രാഷ് കോഴ്സ് അവതരിപ്പിച്ചു.
മദ്രാസ് സാപ്പേഴ്സ് നിലവിൽ അൾസൂർ തടാകത്തിൽ പരിശീലിപ്പിക്കുന്ന സെയിലിങ് കായിക വിനോദത്തെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഫീസ് ഈടാക്കാതെ മൂന്ന് മാസത്തേക്ക് നഗരസഭ കരാർ പാട്ടത്തിന് നൽകിയതായി കർണാടക സ്റ്റേറ്റ് സെയിലിങ് അസോസിയേഷൻ (കെ.എസ്.എസ്.എ) സെക്രട്ടറി ക്യാപ്റ്റൻ അരവിന്ദ് ശർമ പറഞ്ഞു. 100 വർഷത്തിലേറെയായി സെയിലിങ് ഒളിമ്പിക് ഗെയിംസിന്റെ ഭാഗമാണെന്നും ഏഷ്യൻ ഗെയിംസിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഒളിമ്പിക്സിൽ സെയിലിങ്ങിനായി 30ലധികം മെഡലുകളുണ്ട്. ഇന്ത്യയിൽ, പ്രധാനമായും ഇന്ത്യൻ നാവികസേന, ഇന്ത്യൻ സൈന്യം, ഏകദേശം 25 സിവിലിയൻ സെയിലിങ് ക്ലബുകൾ എന്നിവയാണ് സെയിലിങ് നടത്തുന്നത്. കർണാടകയിൽ കഴിഞ്ഞ നാല് വർഷമായി ദേശീയതല സെയിലിങ് മത്സരങ്ങൾ നടക്കുന്ന കെ.ആർ.എസ് അണക്കെട്ടിലെ തടാകത്തിൽ കെ.എസ്.എസ്.എ സെയിലിങ് പ്രവർത്തനങ്ങൾ നടത്തുന്നു.
യെലഹങ്ക തടാകത്തിൽ ക്ലബ് ഒന്നിലധികം കോഴ്സുകൾ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നു. ആദ്യത്തേത് ചെറുകിട ബോട്ട് പദ്ധതിയാണ്. തുടക്കക്കാർക്ക് സുരക്ഷിതവും ആസ്വാദ്യകരവുമായ ചെറുവള്ള യാത്ര പരിചയപ്പെടുന്നതിനായി ഇത് രൂപകൽപന ചെയ്തു. റിഗ്ഗിങ്, റോപ് വർക്ക്, രക്ഷാപ്രവർത്തന നടപടിക്രമങ്ങൾ തുടങ്ങിയ അടിസ്ഥാന ബോട്ട് കൈകാര്യം ചെയ്യൽ കഴിവുകളെക്കുറിച്ചുള്ള ആമുഖം ഈ കോഴ്സിൽ ഉൾപ്പെടുന്നു. ലെവൽ വൺ പരിശീലനം പൂർത്തിയാകുമ്പോൾ, പങ്കെടുക്കുന്നവർക്ക് ലെവൽ രണ്ട്, ലെവൽ മൂന്ന് എന്നിവയിലേക്ക് മുന്നേറാം.
വാക്ക്-ഇൻ എൻട്രി ഇല്ലെന്നും താൽപര്യമുള്ള വ്യക്തികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നും ക്ലബ് അറിയിച്ചു. ആർ.എം.എസ്.സിക്ക് പുറമെ, ബി.ബി.എം.പി കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ഓഫ് കർണാടകയുമായി (കെ.സി.എ.കെ) സഹകരിച്ച് യെല്ല മല്ലപ്പ ചെട്ടി തടാകത്തിൽ പരിശീലനം നൽകുന്നു. കർണാടക അമച്വർ റോയിങ് അസോസിയേഷൻ നേരത്തേ മഡിവാള തടാകത്തിൽ റോവിങ് സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ, ഏകദേശം രണ്ടുവർഷം മുമ്പ് തടാകം വനംവകുപ്പിൽനിന്ന് ബി.ബി.എം.പിക്ക് കൈമാറിയതിനുശേഷം പ്രവർത്തനം നിർത്തിവച്ചു.മുൻകാലങ്ങളിൽ, നാഗവാര, യെലഹങ്ക തുടങ്ങിയ തടാകങ്ങളിൽ ബോട്ടിങ് അനുവദിച്ചിരുന്നു. എന്നാൽ, പരിസ്ഥിതി പ്രവർത്തകർ തടാകങ്ങളുടെ വാണിജ്യ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ചതിനെത്തുടർന്ന് അത് നിർത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

