രണ്ട് എം.എൽ.എമാരുടെ പുറത്താകൽ; നിയമസഭയിൽ ബി.ജെ.പി സാന്നിധ്യം 62!
text_fieldsഎസ്.ടി. സോമശേഖർ,ശിവറാം ഹെബ്ബാർ
ബംഗളൂരു: രണ്ട് എം.എൽ.എമാരുെട പുറത്താകലോടെ കർണാടക നിയമസഭയിൽ ബി.ജെ.പിയുടെ എണ്ണം 62ലേക്ക് ചുരുങ്ങി. കഴിഞ്ഞദിവസമാണ് ഉത്തര കന്നട യെല്ലാപൂരിലെ എം.എൽ.എയായ ശിവറാം ഹെബ്ബാർ, ബംഗളൂരു യശ്വന്ത്പൂരിലെ എം.എൽ.എയായ എസ്.ടി. സോമശേഖർ എന്നിവരെ ബി.ജെ.പിയുടെ അച്ചടക്ക സമിതി ആറുവർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
2019ൽ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിലൂടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ നേതാക്കളാണ് ഇരുവരും. കുറച്ചുകാലമായി ബി.ജെ.പി പ്രവർത്തനങ്ങളിൽനിന്ന് അകന്നുകഴിയുന്ന ഇരുവരും നിയമസഭ കാലാവധി കഴിയുന്നതോടെ കോൺഗ്രസിലേക്കുതന്നെ മടങ്ങിയെത്തിയേക്കും.
2023ൽ നിയമസഭ തെരഞ്ഞെടുപ്പിൽ 66 സീറ്റാണ് ബി.ജ.പി നേടിയത്. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഹാവേരി ജില്ലയിലെ ഷിഗ്ഗാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതോടെ ബി.ജെ.പിയുടെ അംഗബലം 65 ആയി കുറഞ്ഞിരുന്നു.
മാർച്ച് 26ന് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതോടെ സീറ്റ് വീണ്ടും 64 ആയി താഴ്ന്നു. എസ്.ടി. സോമശേഖറിനെയും ശിവറാം ഹെബ്ബാറിനെയുംകൂടി പുറത്താക്കിയതോടെ എണ്ണം 62 ആയി ചുരുങ്ങി.
നിലവിൽ, സംസ്ഥാനത്തെ ആകെയുള്ള 224 സീറ്റുകളിൽ ഭരണകക്ഷിയായ കോൺഗ്രസ്- 138, ബി.ജെ.പി- 62, ജെ.ഡി-എസ്- 18, സ്വതന്ത്രർ-രണ്ട്, പുറത്താക്കപ്പെട്ടവർ- മൂന്ന് എന്നിങ്ങനെയാണ് സീറ്റുനില. ബി.ജെ.പിയിൽനിന്ന് പുറത്താക്കപ്പെട്ട ബസനഗൗഡ പാട്ടീൽ യത്നാൽ, ശിവറാം ഹെബ്ബാർ, എസ്.ടി. സോമശേഖർ എന്നിവരുടെ എം.എൽ.എ പദവിക്ക് ഇളക്കമൊന്നും തട്ടില്ല.
പാർട്ടിയിൽനിന്ന് പുറത്തായതിനാൽ സഭയിൽ പ്രതിപക്ഷ നിരയിൽ ബി.ജെ.പി അംഗങ്ങൾക്ക് ഒപ്പം ഇരിക്കാനാവില്ല എന്നു മാത്രം. മൂവർക്കും സ്വതന്ത്ര എം.എൽ.എമാരെ പോലെ തുടരാനാവും.
ബി.ജെ.പിയിലേക്ക് തിരിച്ചുവരാനാണ് ബസനഗൗഡ പാട്ടീൽ യത്നാലിന്റെ ശ്രമം. ബി.ജെ.പിയിൽ ഉൾപ്പാർട്ടി വിമർശനത്തിന്റെ പേരിലാണ് യത്നാൽ ബി.ജെ.പിയിൽനിന്ന് പുറത്താവുന്നത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കും മകനും പാർട്ടി കർണാടക അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്രക്കും എതിരെയായിരുന്നു യത്നാലിന്റെ പരസ്യവിമർശനങ്ങൾ.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതിനിധികൂടിയായ യത്നാൽ ബി.ജെ.പിയിലേക്ക് മടങ്ങാൻ ശ്രമം തുടരുകയാണ്. എന്നാൽ, ബി.ജെ.പിക്കകത്തു നിൽക്കവെ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാണ് ശിവറാം ഹെബ്ബാറും സോമശേഖറും പുറത്താവുന്നത്. നിലവിൽ സ്വതന്ത്ര എം.എൽ.എമാരെ പോലെ നിൽക്കുന്ന ഇരുവർക്കും കോൺഗ്രസിലേക്ക് ഔദ്യോഗികമായി മടങ്ങിയെത്തണമെങ്കിൽ എം.എൽ.എ പദവി രാജിവെക്കേണ്ടിവരും.
അല്ലാത്തപക്ഷം ഇരുവരും കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യരാക്കപ്പെടും. അതിനാൽ, പദവി രാജിവെക്കാതെ നിയമസഭ കാലാവധി കഴിയും വരെ എം.എൽ.എമാരായി തുടരുകയും അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിലേക്ക് തിരിച്ചെത്തുക എന്നതുമായിരിക്കും ഇരുവരും സ്വീകരിച്ചേക്കുന്ന നയം.
അതല്ല, ഇരുവരും രാജിവെച്ചാൽ ഉപതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഉപതെരഞ്ഞെടുപ്പ് ജയിച്ചുവന്നാൽ ഇരുവർക്കും കോൺഗ്രസിൽ ചേരാൻ തടസ്സമൊന്നുമില്ല. അനാവശ്യമായൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുന്നതിന് പകരം ഇരുവരും സ്വതന്ത്ര എം.എൽ.എമാരെ പോലെ തുടർന്നേക്കും.
അതേസമയം, ബി.ജെ.പിയിൽ വിമത നീക്കം നടത്തിയ യത്നാലിനൊപ്പം നിന്ന ചില നേതാക്കളെ ചുറ്റിപ്പറ്റിയും സസ്പെൻഷൻ നടപടി നിഴലിച്ചുനിൽക്കുന്നുണ്ട്. ബി.പി. ഹരീഷ് എം.എൽ.എ, നേതാക്കളായ എം.പി. രേണുകാചാര്യ, കട്ട സുബ്രഹ്മണ്യ നായിഡു എന്നിവർക്കെതിരെയും അച്ചടക്ക നടപടി നീളുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

