കെ.എസ്.ആർ.ടി.സിയിൽ മൂട്ടശല്യം; കടികൊണ്ട് വലഞ്ഞ് യാത്രക്കാർ
text_fieldsബംഗളൂരു: കെ.എസ്.ആർ.ടി.സി ബസിലെ ഇരിപ്പിടം മൂട്ടകൾ ‘റിസർവ്’ ചെയ്തതോടെ കടികൊണ്ട് വലഞ്ഞ് യാത്രക്കാർ. ബംഗളൂരുവിൽനിന്ന് നിലമ്പൂരിലേക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ട കേരള ആർ.ടി.സിയുടെ നിലമ്പൂർ ഡിപ്പോയിൽനിന്നുള്ള അന്തർസംസ്ഥാന സർവിസായ കെ.എസ് 070 സ്വിഫ്റ്റ് ഡീലക്സ് ബസിലാണ് സംഭവം. രാത്രി 11.47ന് ബംഗളൂരുവിലെ സാറ്റലൈറ്റ് ബസ്‍സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസ് കെങ്കേരി, മാണ്ഡ്യ, മൈസൂരു, ഗുണ്ടൽപേട്ട്, ബന്ദിപ്പൂർ, മുതുമല, ഗൂഡല്ലൂർ, നാടുകാണി വഴിയാണ് നിലമ്പൂരിലെത്തുക.
പുലർച്ചെ നാലോടെയാണ് ബസ് മൈസൂരു-ഊട്ടി ഹൈവേയിലെ ബന്ദിപ്പൂർ ചെക്ക്പോസ്റ്റിലെത്തുക. പാതയിൽ രാത്രിയാത്രാ നിരോധനമുള്ളതിനാൽ രാവിലെ ആറിനാണ് ചെക്ക്പോസ്റ്റ് തുറക്കുക. ഈ സമയമത്രയും ബസ് അവിടെ പിടിച്ചിടും. വനത്തിലെ ചെക്ക്പോസ്റ്റായതിനാൽ പുറത്തിറങ്ങുന്നതും അപകടമാണ്.
മൂട്ടയുടെ കടിയുംകൊണ്ട് ബസിൽ ഒരുവിധം കഴിച്ചുകൂട്ടുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ഉറക്കമിളച്ച് ബസിൽ മൂട്ടയോട് പൊരുതേണ്ട സാഹചര്യമാണുള്ളതെന്ന് യാത്രക്കാരനും ബംഗളൂരുവിൽ സ്വകാര്യ കമ്പനി ജീവനക്കാരനുമായ സഫ്‍വാൻ ചൂണ്ടിക്കാട്ടി. എല്ലാ സീറ്റിലും മൂട്ടശല്യമുണ്ടായിരുന്നു. ഇതേക്കുറിച്ച് കണ്ടക്ടറോടും യാത്രക്കാർ പരാതിപ്പെട്ടു. ചിലർ ഡിപ്പോയിൽ പരാതി അറിയിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് ഡിപ്പോയിൽ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും വാക്കാൽ പരാതിപ്പെടുക മാത്രമാണ് ചെയ്തതെന്നും നിലമ്പൂർ ഡിപ്പോ അധികൃതർ പ്രതികരിച്ചു.
രേഖാമൂലം പരാതി ലഭിച്ചാലേ മുകളിലേക്ക് പരാതി അയക്കാൻ കഴിയൂ. മൂട്ടശല്യം റിപ്പോർട്ട് ചെയ്യപ്പെട്ട ബസ് കഴുകുമ്പോഴും അറ്റകുറ്റപ്പണി നടത്തുമ്പോഴും ശ്രദ്ധ പുലർത്താൻ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നിർദേശം നൽകിയതായും ഡിപ്പോ അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

