കൈരളി കലാസമിതി സാഹിത്യ പുരസ്കാരം എൻ.എസ്. മാധവന്
text_fieldsഎൻ.എസ്. മാധവൻ
ബംഗളൂരു: മലയാളത്തിലെ മികച്ച സാഹിത്യ പ്രതിഭക്കായി ബംഗളൂരുവിലെ കൈരളി കലാസമിതി ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം എൻ.എസ്. മാധവന് ലഭിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും തന്റെ രചനകളിലൂടെ നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം.
ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ഷഫീഖ് പുനത്തിൽ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, റഫീക്ക് അഹമ്മദ്, ഇ.പി. രാജഗോപാലൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വിഷയ സ്വീകരണത്തിലും ആഖ്യാന മികവിലും രാഷ്ട്രീയ നൈതികതയിലും പകരംവെക്കാനില്ലാത്ത എഴുത്തുകാരനാണ് എൻ.എസ്. മാധവനെന്ന് ജൂറി വിലയിരുത്തി.
ജൂൺ എട്ടിന് ബംഗളൂരു വിമാനപുരയിൽ നടക്കുന്ന കൈരളി കലാസമിതി സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ എൻ.എസ്. മാധവന് പുരസ്കാരം സമർപ്പിക്കുമെന്ന് സമിതി അധ്യക്ഷൻ സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി.കെ. സുധീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ആരംഭിക്കുന്ന സാഹിത്യോത്സവത്തിൽ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള എഴുത്തുകാരും ആസ്വാദകരും പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ, ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയകുമാർ, സാംസ്കാരികോത്സവം കൺവീനർ ബി. രാജശേഖരൻ, ചീഫ് കോഓഡിനേറ്റർ എ. മധുസൂദനൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

