താരനിരയായി ഇനി പൊടിപാറും പ്രചാരണം
text_fieldsബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രചാരണം നയിക്കാനെത്തുന്ന താരനിരയായി. ഇരു പാർട്ടികളും തങ്ങളുടെ താര പ്രചാരകരുടെ പട്ടിക വ്യാഴാഴ്ച പുറത്തുവിട്ടു. ഏതാനും ദിവസം മുമ്പ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ് താരപ്രചാരകരുടെ നിരയിൽ ഉൾപ്പെടുത്തി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയ്റാം രമേശ്, രൺദീപ് സിങ് സുർജെ വാല, പി. ചിദംബരം, കനയ്യ കുമാർ, പൃഥ്വിരാജ് ചവാൻ, അശോക് ചവാൻ, മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ, എം. വീരപ്പമൊയ്ലി, നടിമാരായ രമ്യ എന്ന ദിവ്യ സ്പന്ദന, ഉമാശ്രീ, കർണാടകയിലെ നേതാക്കളായ സിദ്ധരാമയ്യ, ശിവകുമാർ തുടങ്ങിയവരടക്കം 40 നേതാക്കളാണ് പട്ടികയിലുള്ളത്.
മലയാളി നേതാക്കളായ ശശി തരൂർ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരും പ്രചാരണത്തിനെത്തും. 2018 ലെ കർണാടക തെരഞ്ഞെടുപ്പിലും കഴിഞ്ഞ അസം തെരഞ്ഞെടുപ്പിലും പ്രചാരണത്തിനുണ്ടായിരുന്ന സച്ചിൻ പൈലറ്റിനെ ഇത്തവണ ഉൾപ്പെടുത്തിയില്ല. അശോക് ഗെഹ്ലോട്ടുമായി സ്വരച്ചേർച്ചയില്ലാത്തതാണ് പ്രശ്നം.
സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയോട് ഇടഞ്ഞുനിന്ന കർണാടകയിലെ മുതിർന്ന നേതാവായ കെ.എസ്. ഈശ്വരപ്പയെ ബി.ജെ.പി താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തി. കേന്ദ്രനേതാക്കളായ നരേന്ദ്ര മോദി, ജെ.പി. നദ്ദ, രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, മൻസൂഖ് മാണ്ഡവ്യ, അരുൺ സിങ് തുടങ്ങിയവരും മുഖ്യമന്ത്രിമാരായി യോഗി ആദിത്യനാഥ് (യു.പി), ശിവരാജ് സിങ് ചൗഹാൻ (രാജസ്ഥാൻ), ഹേമന്ദ് ബിശ്വ ശർമ (അസം) തുടങ്ങിയവരും ബി.ജെ.പിക്കായി പ്രചാരണം നയിക്കും. കർണാടക ബി.ജെ.പിയുടെ പ്രധാന നേതാക്കളെല്ലാം പട്ടികയിലുണ്ട്. കന്നഡ നടൻ കിച്ച സുദീപ് ജെ.പി. നഡ്ഡക്കൊപ്പം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഹാവേരിയിലെ ഷിഗ്ഗോണിൽ ബുധനാഴ്ച പ്രചാരണത്തിനിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

