ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ പരിക്കേറ്റ 45 പേർക്ക് നോട്ടീസ്
text_fieldsബംഗളൂരു: ഈ മാസം നാലിന് ബംഗളൂരു എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ 11 പേരുടെ മരണത്തിനിടയാക്കിയ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ 45 പേർക്ക് നോട്ടീസ്. ദുരന്തത്തിന്റെ മിനിസ്റ്റീരിയൽ അന്വേഷണ മേധാവി ബംഗളൂരു അർബൻ ജില്ല ഡെപ്യൂട്ടി കമീഷണർ ജി.ജഗദീശയാണ് നോട്ടീസ് അയച്ചത്.
ബുധനാഴ്ച ഈ വ്യക്തികളുടെ മൊഴി രേഖപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് സംഭവം നടന്ന് 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. പരിക്കേറ്റവർ രാവിലെ 11 നും ഉച്ച 1.30 നും ഇടയിൽ ബംഗളൂരു ഡെപ്യൂട്ടി കമീഷണർ ഓഫിസ് പരിസരത്ത് സ്ഥിതി ചെയ്യുന്ന മജിസ്റ്റീരിയൽ കോടതി ഓഡിറ്റോറിയത്തിലാണ് മൊഴി രേഖപ്പെടുത്താൻ ഹാജരാവേണ്ടത്.
ഈ മൊഴികൾ രേഖപ്പെടുത്തിക്കഴിഞ്ഞാൽ 13 ന് ഡെപ്യൂട്ടി കമീഷണർ മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തും.
സംഭവദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിയോഗിച്ച പൊലീസുകാരുടെ വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ തേടി ബംഗളൂരു പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് ഡെപ്യൂട്ടി കമീഷണർ കത്തയച്ചിട്ടുണ്ട്. പൊലീസ് വകുപ്പിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും. ഡെപ്യൂട്ടി കമീഷണർ ചിന്നസ്വാമി സ്റ്റേഡിയം സന്ദർശിച്ച് പരിശോധിച്ചു.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫ്രാഞ്ചൈസി, ഡി.എൻ.എ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) എന്നിവയുടെ മാനേജ്മെന്റിൽ നിന്നും മൊഴി രേഖപ്പെടുത്തും.
അതേസമയം ആർ.സി.ബിയുടെ മാർക്കറ്റിങ് മേധാവി നിഖിൽ സൊസാലെയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി.ഐ.ഡി) കസ്റ്റഡിയിൽ വാങ്ങിയേക്കും. പൊലീസ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് അദ്ദേഹം സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് കർണാടക ഹൈകോടതി തിങ്കളാഴ്ച ഇന്നത്തേക്ക് മാറ്റി. ഡി.എൻ.എ ഇവന്റ് മാനേജ്മെന്റിലെ സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരും അറസ്റ്റിലായിരുന്നു.
നിലവിൽ ബംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന നാല് പ്രതികളെയും സി.ഐ.ഡി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് വകുപ്പിന്റെ നിർബന്ധിത നടപടിക്കെതിരെ ഹൈകോടതിയിൽ നിന്ന് ഇളവ് നേടിയ കെ.എസ്.സി.എ പ്രസിഡന്റ് രഘുറാം ഭട്ട്, സെക്രട്ടറി എ. ശങ്കർ, ട്രഷറർ ഇ.എസ്. ജയറാം എന്നിവരെയും സി.ഐ.ഡി ചോദ്യം ചെയ്തേക്കും. പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാന സർക്കാർ മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാര തുക 10 ലക്ഷത്തിൽ നിന്ന് 25 ലക്ഷം രൂപയായി ഉയർത്തിയിരുന്നു.
ബംഗളൂരു പൊലീസ് കമീഷണർ ഉൾപ്പെടെ അഞ്ച് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഡിയം ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റേഡിയം ദുരന്തം അന്വേഷണം ജസ്റ്റിസ് ജോൺ മൈക്കൾ കമീഷൻ, ബംഗളൂരു നഗരജില്ല ഡെപ്യൂട്ടി കമീഷണർ ജി.ജഗദീശയുടെ നേതൃത്വത്തിൽ മിനിസ്റ്റീരിയൽ,സി.ഐ.ഡി എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

