നാഷനൽ ഹെറാൾഡ് കേസിൽ ഇനായത്ത് അലിക്ക് നോട്ടീസ്
text_fieldsഇനായത്ത് അലി
മംഗളൂരു: നാഷനൽ ഹെറാൾഡ് കേസിൽ കെ.പി.സി.സി സെക്രട്ടറിയും വ്യവസായിയുമായ ഇനായത്ത് അലിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) നോട്ടീസ് നൽകി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇ.ഒ.ഡബ്ല്യു രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിനെ തുടർന്നാണ് നോട്ടീസ്. എഫ്.ഐ.ആറിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ കേസിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരൻ ഡി.കെ. സുരേഷിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ഇനായത് അലിയുടെ മംഗളൂരുവിലെ വസതിയിലാണ് നോട്ടീസ് നൽകിയതെന്നും ആഴ്ചക്കുള്ളിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും പൊലീസ് പറഞ്ഞു. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് ഇനായത്ത് അലി വർഷങ്ങളായി ഇ.ഡിയുടെ നിരീക്ഷണത്തിലാണെന്ന് പറയുന്നു.
നാഷനൽ ഹെറാൾഡ് സംഘടനക്ക് നൽകിയതായി പറയപ്പെടുന്ന സംഭാവനകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മംഗളൂരു നോർത്ത് മണ്ഡലത്തിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ട ഇനായത് അലിയോട് പ്രസക്തമായ രേഖകൾ സമർപ്പിക്കാനും ഫണ്ട് എങ്ങനെ നൽകിയെന്നും അവയുടെ അന്തിമ ഉപയോഗത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമോ എന്നും വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

