ക്രമസമാധാന പ്രശ്നമില്ല; കർണാടക സമ്പദ്വ്യവസ്ഥ മാതൃക ലോകം പഠിക്കുന്നു- ഗവർണർ
text_fieldsഗവർണർ തവാർ ചന്ദ് ഗെലോട്ടിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, നിയമസഭ സ്പീക്കർ യു.ടി. ഖാദർ, നിയമസഭ കൗൺസിലിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടി എന്നിവർ സ്വീകരിക്കുന്നു.
ബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ ക്രമസമാധാന പാലനം പ്രശംസനീയവും സമ്പദ്വ്യവസ്ഥ ലോകോത്തര സാമ്പത്തിക വിദഗ്ധർ പഠനവിധേയമാക്കും വിധം മഹത്തരവുമാണെന്ന് കർണാടക ഗവർണർ തവാർ ചന്ദ് ഗെലോട്ട് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം തിങ്കളാഴ്ച നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ. സംസ്ഥാന ഭരണത്തിൽ കഴിഞ്ഞ 19 മാസത്തിനിടെ സംസ്ഥാനത്ത് ഗുരുതര ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയും ഗാരന്റി പദ്ധതികളും പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള നിരവധി സാമ്പത്തിക വിദഗ്ധരും സർവകലാശാലകളും കർണാടക മാതൃക പഠിക്കാൻ മുന്നോട്ടുവരുന്നുണ്ട്.
ഗവർണർ തവാർ ചന്ദ് ഗെലോട്ട് തിങ്കളാഴ്ച ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. നിയമസഭ സ്പീക്കർ യു.ടി. ഖാദർ സമീപം
പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമായാണ് പ്രവർത്തിക്കുന്നത്. സമീപകാലത്ത് രാജ്യത്തുടനീളം സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുകയാണ്. കുറ്റവാളികളെ വേഗത്തിൽ തിരിച്ചറിയുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാന പൊലീസ് വകുപ്പ് നിരന്തരം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഈ കേസുകളും കുറയുന്നു. പീനിയ പ്ലാന്റേഷനിലെ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള എച്ച്.എം.ടി.ക്ക് നൽകിയ 14,300 കോടി രൂപയുടെ വനഭൂമി തിരിച്ചുപിടിച്ച് പച്ചപ്പ് നിറഞ്ഞ ഇടമായി സംരക്ഷിക്കുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായി ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവേഗം ത്വരിതപ്പെടുത്തുന്നതിൽ തന്റെ സർക്കാർ വിജയിച്ചുവെന്നും സർക്കാറിന്റെ സാമ്പത്തിക വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ടെന്നും അഭിമാനത്തോടെ പ്രസ്താവിക്കാൻ ആഗ്രഹിക്കുന്നു. മഹാത്മാഗാന്ധി പറഞ്ഞതുപോലെ, അവസാനത്തെ വ്യക്തിയുടെ കണ്ണുനീർ തുടക്കാനുള്ള അവസരമായി ഭരണത്തെ ഉപയോഗിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
സർക്കാർ ആരംഭിച്ച ക്ഷേമപദ്ധതികൾ കാരണം കർണാടക വികസനത്തിൽ പിന്നോട്ട് പോകുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥ വഷളാകുമെന്നും പലരും പ്രവചിച്ചു. കർണാടക സർക്കാർ ഈ പ്രവചനം തെറ്റാണെന്ന് തെളിയിച്ചു. എല്ലാ മേഖലകളിലും സംസ്ഥാനം മികച്ച നേട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കർണാടകയുടെ വരുമാനം വർധിക്കുകയാണ്. സ്വകാര്യ മൂലധനം റെക്കോഡ് സൃഷ്ടിച്ച് സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നു. ക്ഷേമ പരിപാടികളുടെ കാര്യക്ഷമമായ നടത്തിപ്പ് കാരണം അസമത്വത്തിന്റെ തീവ്രത കുറയുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ കർണാടക രണ്ടാം സ്ഥാനത്താണ്. ജി.എസ്.ടി നിരക്കിന്റെ വളർച്ച മെച്ചപ്പെട്ടു. സംസ്ഥാനത്ത് നല്ല മഴ ലഭിച്ചതിനാൽ ഖാരിഫ്, റാബി സീസണുകളിൽനിന്ന് ഏകദേശം 149 ലക്ഷം ടൺ കാർഷിക ഉൽപാദനം പ്രതീക്ഷിക്കുന്നു.
സംസ്ഥാന സർക്കാർ സ്വീകരിച്ച ക്ഷേമ പരിപാടികൾ കാരണം കർണാടകയിലെ കർഷക കുടുംബങ്ങൾക്കിടയിലെ ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തന്റെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഞ്ച് ഗാരന്റി പദ്ധതികളിലായി 70,000 കോടി രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ക്ഷേമ പദ്ധതികൾക്കായി പ്രതിവർഷം 90,000 കോടിയിലധികം രൂപ ചെലവഴിക്കുന്നുണ്ട്. കർണാടക മാതൃകയെക്കുറിച്ച് ലോകമെമ്പാടുമുള്ള നിരവധി സാമ്പത്തിക വിദഗ്ധരും സർവകലാശാലകളും പഠനം നടത്തിവരുകയാണ്. ഓക്സ്ഫോർഡ് സർവകലാശാല ഈ മാതൃകയെ ‘ഇരുട്ടിൽ ഒരു വെളിച്ചം പ്രകാശിപ്പിക്കുന്നു’ എന്നും അവരുടെ മനുഷ്യാവകാശ കേന്ദ്രത്തിൽ ‘ലോകത്തിനായുള്ള ഒരു രൂപരേഖ’ എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ തലവൻ ഈ മാതൃകയെക്കുറിച്ച് പഠിക്കാൻ കർണാടക സന്ദർശിക്കുകയും തങ്ങളുടെ പരിപാടികളെ പരസ്യമായി പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. കർണാടകയെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കാൻ സമഗ്രവും ഫലപ്രദവുമായ ശ്രമങ്ങൾ നടക്കുന്നു.
കർണാടക 2024-25 ബജറ്റിന്റെ 15.01 ശതമാനം മൂലധന ചെലവുകൾക്കായി വിനിയോഗിക്കുന്നു. ഇത് മഹാരാഷ്ട്ര, തമിഴ്നാട്, കേരളം തുടങ്ങിയ പുരോഗമന സംസ്ഥാനങ്ങളെക്കാൾ കൂടുതലാണ്. ബംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കാർവാർ നാവിക താവളത്തിനടുത്തുള്ള വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചു. വനവിസ്തൃതി വർധിപ്പിക്കുന്നതിനായി 15,000 ഏക്കർ ഭൂമികൂടി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
കർണാടകയിലുടനീളം ഏകദേശം 5,000 ഏക്കർ വനഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിച്ചു. ഇതിൽ ബംഗളൂരുവിലെ 117 ഏക്കർ ഉൾപ്പെടുമെന്ന് ഗവർണർ പറഞ്ഞു. 2025-26 ബജറ്റിൽ സംസ്ഥാന സർക്കാർ ലക്ഷം കോടി രൂപ വായ്പയെടുക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്കും ഗാരന്റി പദ്ധതികളുടെ പ്രായോഗികതയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് 15 ദിവസത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. ബജറ്റവതരണം ഈ മാസം ഏഴിന് ധനവകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തും. വിധാൻ സൗധയുടെ പ്രവേശന കവാടത്തിൽ ഗവർണർ തവാർ ചന്ദ് ഗെലോട്ടിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. നിയമസഭ സ്പീക്കർ യു.ടി. ഖാദറും ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറാട്ടിയും ഗവർണർക്ക് പൂച്ചെണ്ടുകൾ നൽകി സഭയിലേക്ക് ആനയിച്ചു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

