രാജ്യസഭാ സീറ്റ് വേണമെന്ന് ആഗ്രഹമില്ല -എച്ച്.ഡി. ദേവഗൗഡ
text_fieldsഎച്ച്.ഡി. ദേവഗൗഡ
ബംഗളൂരു: രാജ്യസഭാംഗമാകാൻ തനിക്ക് ആഗ്രഹമില്ലെന്നും ആ സ്ഥാനം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും മുൻ പ്രധാനമന്ത്രിയും ജനതാദൾ (സെക്കുലർ) ദേശീയ പ്രസിഡന്റുമായ എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ജെ.പി. ഭവനിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഏഴ് പതിറ്റാണ്ടോളം പൊതുജീവിതത്തിൽ ചെലവഴിച്ച തനിക്ക് ഒരു പദവിയും വഹിക്കാൻ താൽപ്പര്യമില്ല. അധികാരത്തേക്കാൾ പ്രധാനം ജനസേവനമാണ്. തന്റെ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ച അനാവശ്യമാണ്. തന്നെ അപമാനിച്ചുവെന്ന തരത്തില്‍ വന്ന വര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധം രാഷ്ട്രീയ സ്ഥാനവുമായോ പാർലമെന്ററി സീറ്റുമായോ ലക്ഷ്യമാക്കിയല്ല. അത്തരം ധാരണ തെറ്റാണ്.
മുൻപ് മോദിയുടെ കടുത്ത വിമർശകനായിരുന്നു. കാലക്രമേണ തന്റെ കാഴ്ചപ്പാടുകൾ മാറി. മോദി ഏറ്റെടുത്ത നിരവധി സംരംഭങ്ങളെ അഭിനന്ദിക്കുന്നു. പ്രായാധിക്യം വകവെക്കാതെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരും.
പാർലമെന്റിനകത്തും പുറത്തും കർണാടകയെയും രാജ്യത്തെയും സംബന്ധിച്ച പ്രശ്നങ്ങൾ എപ്പോഴും താന്‍ ഉന്നയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഗ്രേറ്റർ ബംഗളൂരു ജെ.ഡി.എസ് പ്രസിഡന്റ് എച്ച്.എം. രമേശ് ഗൗഡ, മുൻ എം.എൽ.എമാരായ കെ.എ. തിപ്പസ്വാമി, ചൗഡ റെഡ്ഡി തുപ്പള്ളി, ദൊഡ്ഡനഗൗഡ പാട്ടീൽ, ജെ.ഡി.എസ് സംസ്ഥാന നിയമ വകുപ്പ് പ്രസിഡന്റ് എ.പി. രംഗനാഥ്, സോഷ്യൽ മീഡിയ വകുപ്പ് പ്രസിഡന്റ് ചന്ദൻ എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

