ആർ.എസ്.എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ്; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്
text_fieldsഡോ. കെ. അരുൺ കുമാർ
ബംഗളൂരു: വർഗീയ സംഘർഷം രൂക്ഷമാകുന്ന ദക്ഷിണ കന്നട ജില്ലയിലെ ആർ.എസ്.എസ് നേതാക്കളുടെയും തീവ്ര ഹിന്ദുത്വ പ്രവർത്തകരുടേയും വീടുകളിൽ അർധരാത്രി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കർണാടക ഹൈകോടതി ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ചു.
പൊലീസ് നടപടി ചോദ്യംചെയ്ത് ഉപ്പിനങ്ങാടി സ്വദേശി യു.ജി. രാധ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സുനിൽ ദത്തിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഹരജിക്കാരിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അരുൺ ശ്യാം കോടതിയിൽ ഹാജരായി. റെയ്ഡുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ എസ്.പി ഡോ. കെ. അരുൺ കുമാറിനോട് ഹൈകോടതി നിർദേശിച്ചു. നിയമം ലംഘിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കരുതെന്ന് കോടതി പൊലീസ് വകുപ്പിന് മുന്നറിയിപ്പ് നൽകി.
ജൂൺ ഒന്നിന് രാത്രി പൊലീസ് ഉദ്യോഗസ്ഥർ തന്റെ വസതിയിലെത്തിയതായും ഇതിന്റെ ഫോട്ടോ കുപ്പുതല ആപ്പിൽ അപ്ലോഡ് ചെയ്തതായും ഹരജിക്കാരി ആരോപിച്ചു. പൊലീസ് നടപടി ചോദ്യം ചെയ്തപ്പോൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ ഉത്തരവനുസരിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് പറഞ്ഞതായും അവർ കോടതിയിൽ ബോധിപ്പിച്ചു.
നടപടിക്ക് അംഗീകാരം നൽകുന്ന ഒരു രേഖയും ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നും അവർ പറഞ്ഞു. പൊലീസ് വകുപ്പിൽനിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി. കർണാടക സംസ്ഥാന പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിയിലും ദേശീയ മനുഷ്യാവകാശ കമീഷനിലും രാധ പരാതി നൽകിയിട്ടുണ്ട്. വ്യക്തത തേടി രണ്ട് ഏജൻസികളും മംഗളൂരു എസ്.പിക്ക് നോട്ടീസ് നൽകി.
മംഗളൂരു മേഖലയിൽ ആൾക്കൂട്ട ആക്രമണത്തിൽ വേങ്ങര സ്വദേശി അഷ്റഫ്, ബജ്റംഗ് ദൾ നേതാവും ഗുണ്ടാതലവനുമായ സുഹാസ് ഷെട്ടി, അബ്ദുറഹ്മാൻ എന്നിവർ ഒന്നിന് പിറകെ ഒന്നായി കൊല്ലപ്പെട്ട സാഹചര്യത്തിൽ വർഗീയ ശക്തികളെ അടിച്ചമർത്താൻ സർക്കാർ നടപടിയാരംഭിച്ചിരുന്നു.
ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ടിനെയും മംഗളൂരു സിറ്റി പൊലീസ് കമീഷണറെയും സ്ഥലംമാറ്റി പകരം നിയമിച്ചയാതാണ്എസ്.പി കെ. അരുൺ കുമാറിനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

