നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി: പ്രതികളെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്
text_fieldsബംഗളൂരു: ബെള്ളാരിയിൽ ഒന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദമ്പതികളായ പ്രതികളെ 24 മണിക്കൂറിനകം പൊലീസ് പിടികൂടി കുഞ്ഞിനെ രക്ഷപ്പെടുത്തി. പ്രതികളായ ഷമീം, ഇവരുടെ ഭർത്താവ് ഇസ്മായിൽ എന്നിവരാണ് അറസ്റ്റിലായതെന്ന് ബെള്ളാരി എസ്.പി ശോഭ റാണി ഞായറാഴ്ച മാധ്യമങ്ങളോട് വെളിപ്പെടുത്തി.
വെള്ളിയാഴ്ചയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. തട്ടിയെടുത്ത കുഞ്ഞിനെ ദമ്പതികൾ ബെള്ളാരി തൊറകല്ലിലെ ബസവരാജ് മഹന്തപ്പ എന്നയാൾക്ക് വിറ്റിരുന്നു. വിവാഹം കഴിഞ്ഞ് 10 വർഷമായിട്ടും കുട്ടികളില്ലാതിരുന്ന ബസവരാജ് കുട്ടികളെ ദത്തെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നിയമതടസ്സംമൂലം നടന്നില്ല. പിന്നീട് ബസവരാജ് ബാഷ എന്നയാളെ സമീപിച്ചു. ഇയാളാണ് കുഞ്ഞിനെ സംഘടിപ്പിച്ചു നൽകാമെന്ന് ഏറ്റത്. തുടർന്ന് ബാഷ ദമ്പതികളെ കുഞ്ഞിനെ തട്ടിക്കൊണ്ടുവരാൻ ഏർപ്പാടാക്കി.
ഷമീം ജില്ല ആശുപത്രിയിൽ എത്തിയ ബനെകകല്ല് സ്വദേശി ശ്രീദേവിയെ സമീപിച്ചു. ജനന സർട്ടിഫിക്കറ്റിനായി മുനിസിപ്പാലിറ്റിയിൽ പോകണമെന്ന് ഷമീം ശ്രീദേവിയെ അറിയിച്ചു. കുഞ്ഞിനെ ഏൽപിച്ച് ശ്രീദേവി ബാത്ത്റൂമിൽ പോയതോടെ ഷമീം കുഞ്ഞുമായി കടന്നു.
തിരിച്ചെത്തിയ ശ്രീദേവി കുഞ്ഞിനെ കാണാതായതോടെ ബ്രുസ്പേട്ട് പൊലീസിൽ പരാതി നൽകി. ഉടൻ ജാഗ്രതയോടെ തിരച്ചിൽ ആരംഭിച്ച പൊലീസ് ശനിയാഴ്ച രാത്രിയോടെ പ്രതികളെ കണ്ടെത്തുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. ഷമീമിന്റെ മാതാവ് സൈനബി സമാന കേസിൽ മുമ്പ് പ്രതിയാണെന്ന് എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

