നവജാതശിശുവിനെ സഞ്ചിയിലാക്കി ഉപേക്ഷിച്ചു; രക്ഷകരായി നാട്ടുകാർ
text_fieldsബംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ വീരാപുർ പുനരധിവാസ കേന്ദ്രത്തിനു സമീപം നവജാതശിശുവിനെ സഞ്ചിയിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ആശുപത്രിക്ക് സമീപം കിടന്ന ബാഗിൽനിന്ന് നേരിയ കരച്ചിൽ കേട്ട് എത്തിയ പ്രദേശവാസികളാണ് ഏതാനും മണിക്കൂർ മാത്രം പ്രായമുള്ള ചോരപ്പൈതലിനെ കണ്ടെത്തിയത്.
തുണിയിൽ പൊതിഞ്ഞ നിലയിൽ ശ്വസിക്കാൻ ബുദ്ധിമുട്ടുകയായിരുന്നു പെൺകുഞ്ഞ്. ബാഗൽകോട്ട് താലൂക്കിലെ കലദഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രദേശത്തെ സ്ത്രീകൾ ഓടിക്കൂടി കുഞ്ഞിന് ആവശ്യമായ പരിചരണം നൽകി. നാട്ടുകാർ വിവരം നൽകിയതിനെതുടർന്ന് ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ ജില്ല ആശുപത്രിയിലേക്ക് മാറ്റി, കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സമീപകാല പ്രസവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക ആശുപത്രികളോട് അധികൃതർ ആവശ്യപ്പെട്ടു. രക്ഷപ്പെടുത്തിയ കുഞ്ഞ് ശിശുക്ഷേമ ഉദ്യോഗസ്ഥരുടെ സംരക്ഷണത്തിലാണ്. ആരോഗ്യസ്ഥിതി സ്ഥിരീകരിച്ചുകഴിഞ്ഞാൽ സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

