ബംഗളൂരുവിലെ പുതിയ വീട്ടുടമസ്ഥര്‍ക്ക് ജല-വൈദ്യുതി കണക്ഷന് ഉടന്‍
text_fieldsബംഗളൂരു: വീടുപണി പൂര്‍ത്തിയായിട്ടും കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് (ഒക്യുപൻസി സർട്ടിഫിക്കറ്റ് അഥവാ ഒ.സി) ഇല്ലാത്തതിന്റെ പേരില്‍ ജല-വൈദ്യുതി കണക്ഷന് ലഭിക്കാതിരുന്ന 33,000ഓളം വരുന്ന വീട്ടുടമസ്ഥര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍ ഉത്തരവ്. 1200 ചതുരശ്ര അടിയോ അതില്‍ കുറവോ ഉള്ള സ്ഥലത്ത് നിര്‍മിക്കുന്ന വീടുകള്‍ക്ക് ഒ.സി ആവശ്യമില്ലെന്ന ഉത്തരവ് നിലവില്‍വന്നതോടെ മുടങ്ങിക്കിടക്കുന്ന ജല-വൈദ്യുതി കണക്ഷന് ഉടന്‍ ലഭിച്ചുതുടങ്ങും.
കെട്ടിടം താമസയോഗ്യമാണ് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഒ.സി. ജല-വൈദ്യുതി കണക്ഷനുകള്‍ക്ക് ഒ.സി സര്‍ട്ടിഫിക്കറ്റ് സുപ്രീംകോടതി നിര്‍ബന്ധമാക്കിയതോടെ നിരവധി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇവ ഉടൻ പരിശോധിച്ചു നടപടി എടുക്കുമെന്ന് ബെസ്കോം അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് നിര്‍ത്തിവെച്ച പുതിയ കണക്ഷനുള്ള അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ തുടര്‍ന്ന് പുനരാരംഭിക്കുകയാണ്. ബെസ്കോമിന്റെ പ്രധാന വരുമാനമാര്‍ഗമാണ് പുതിയ കണക്ഷന് എന്നു മുതിര്‍ന്ന ബെസ്കോം ഉദ്യോഗസ്ഥന് പറഞ്ഞു.
ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) 10,000ത്തോളം അപേക്ഷകള്‍ പരിശോധിച്ച് കണക്ഷന് നല്‍കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. ഒ.സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 24,000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ 10,000ത്തോളം അപേക്ഷകളില്‍ 1,200 സ്ക്വയര്‍ ഫീറ്റില്‍ കുറവ് സ്ഥലം ഉള്ളവയാണ്.
ഈ വീടുകള്‍ക്ക് ജലകണക്ഷന് നല്കാന് തയാറെടുക്കുകയാണെന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഈ വിഭാഗത്തില്‍ ഉള്‍പ്പെടാതെ 60,000ത്തോളം അപേക്ഷകള്‍ ബെസ്കോമിലും 14,000ത്തോളം അപേക്ഷകള്‍ ബി.ഡബ്ല്യു.എസ്.എസ്.ബിയിലും കെട്ടിക്കിടക്കുകയാണ്. കെട്ടിട നിർമാണം പൂര്‍ത്തിയായ ഉടമകളുടെ അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് 1200 സ്ക്വയര്‍ ഫീറ്റ് മുകളിലുള്ള സ്ഥലമുടമസ്ഥര്‍ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

