പാഴ്വാക്കായി വാഗ്ദാനം; പ്രകൃതിദുരന്ത ഇര വീൽചെയറിൽ കലക്ടറേറ്റിൽ
text_fieldsഅശ്വിനി ചക്രക്കസേരയിൽ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി
കമീഷണറെ സന്ദർശിക്കുന്നു
മംഗളൂരു: മണ്ണിടിച്ചിലിൽ വീടും രണ്ട് മക്കളേയും രണ്ട് കാലുകളും നഷ്ടപ്പെട്ട മഞ്ഞനാടി മൊണ്ടെപ്പഡാവുവിലെ സ്ത്രീ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയുമായി ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർക്ക് മുന്നിലെത്തി. മേയ് 30നുണ്ടായ പ്രകൃതി ദുരന്ത ഇര അശ്വിനിയാണ് എത്തിയത്. മണ്ണിടിച്ചിലിൽ തകർന്ന വീടിനടിയിൽ കുടുങ്ങിയ അശ്വിനിയുടെ രണ്ട് മക്കളും ഭർതൃ മാതാവും സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
ഭൃതൃപിതാവ് കാന്തപ്പ പൂജാരിക്ക് ഒരു കാൽ നഷ്ടപ്പെട്ടു. അശ്വിനി രണ്ട് മാസം ആശുപത്രിയിൽ ചെലവഴിച്ചു. അവരുടെ രണ്ട് കാലും മുറിച്ചുമാറ്റേണ്ടിവന്നു. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നഷ്ടപരിഹാരവും പുതിയ വീടും വാഗ്ദാനം ചെയ്തിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. 17 ലക്ഷം രൂപ ചികിത്സക്കായി ചെലവായി. അതിൽ രണ്ടര ലക്ഷം സർക്കാർ നൽകി. ബാക്കി തുക സംഘടനകളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നുമുള്ള സംഭാവനകളിലൂടെയാണ് ലഭിച്ചത്.
മഞ്ഞനാടി പഞ്ചായത്ത് കുന്നിൻചെരുവിനു മുകളിൽ നിർമിച്ച അശാസ്ത്രീയ റോഡാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികളും പ്രവർത്തകരും ആരോപിക്കുന്നു. ചീഫ് സെക്രട്ടറിക്ക് രേഖാമൂലം നൽകിയ പരാതിയെത്തുടർന്ന്, ഉള്ളാൾ തഹസിൽദാർ, ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ടാണ് നൽകിയതെന്നാണ് ആരോപണം. ഇത് ഇരക്ക് വിനയായി.
ഡെപ്യൂട്ടി കമീഷണർ എച്ച്.വി. ദർശൻ മുന്നിൽ അശ്വിനി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. സഹായത്തിനായി അശ്വിനി ഓഫിസുകളിലേക്ക് പോകേണ്ടതില്ലെന്നും അവരുടെ വസതിയിൽ ഉദ്യോഗസ്ഥരെ അയക്കുമെന്നും ഡി.സി ദർശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ മുഖേന നഷ്ടപരിഹാരവും പുതിയ വീടും ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

