Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅനുപമമായ നടന...

അനുപമമായ നടന വിസ്മയമൊരുക്കി ‘നീനാ മോഹനം’

text_fields
bookmark_border
അനുപമമായ നടന വിസ്മയമൊരുക്കി ‘നീനാ മോഹനം’
cancel
camera_alt

ഡോ. നീനാ പ്രസാദ്

മുംബൈ: മോഹിനിയാട്ടത്തിന്‍റെ ക്ലാസ്സിക് പരിചരണത്തിന് മനോധർമ്മത്തിന്‍റെ സൂക്ഷ്മധാരകളാൽ ഇഴ ചേർത്ത ‘നീനാ മോഹന’ത്തിലൂടെ ഡോ. നീനാ പ്രസാദ് നഗരത്തിലെ നൃത്ത സ്നേഹികൾക്ക് ആഹ്ളാദ വിസ്മയമൊരുക്കി. മാർച്ച് 21ന് വൈകീട്ട് താനെ ഉപവൻ ആംഫി തിയറ്ററിൽ ധ്വനി സ്പേസ് ഓഫ് ഡാൻസ്, ഇപ്റ്റ കേരള മുംബൈ ചാപ്റ്ററുമായി ചേർന്ന് ഒരുക്കിയ അരങ്ങിൽ ഡോ. നീന പ്രസാദും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടം കാഴ്ചക്കാർക്ക് ആസ്വാധകരമായ കലാപ്രകടനമായി.

സ്വന്തം കൂട്ടുകാരിയെ വേലക്കാരിയാക്കിയ അഹംബോധത്തിന്‍റെയും ഋണ മൂല്യം മാത്രമുള്ള പൊസസീവ്നെസ്സിന്‍റെയും പാരമ്യം പ്രണയത്തെ ദുരന്തമാക്കി മാറ്റുന്ന ദേവയാനിയുടെ കഥ, കാലത്തിന് ചേർന്ന വിധത്തിൽ മോഹിനിയാട്ടത്തിലൂടെ പകർന്നാടുകയായിരുന്നു ഡോ. നീനാ പ്രസാദ്. നൃത്തത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതവും പക്കമേളവും നീനാ മോഹനത്തിന്‍റെ വിജയത്തിന് സവിശേഷമായ പങ്ക് വഹിച്ചു.

മകളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കുന്ന ഒരു അച്ഛനും, ആ സ്നേഹത്തിന്റെ പശ്ചാത്തലത്തിൽ വളർന്ന ഒരു പിടിവാശിക്കാരിയായ മകളും അതു സൃഷ്‌ടിക്കുന്ന സങ്കീർണമായ ജീവിത സമസ്യകളും ചേർന്ന പുരാവൃത്തം. ദേവയാനി എന്ന ആവിഷ്‌കാരത്തിലൂടെ പ്രമുഖ മോഹിനിയാട്ടം നർത്തകിയും ഗവേഷകയും ഗുരുവുമായ ഡോ. നീന പ്രസാദ് മുംബൈയിൽ ഇതാദ്യമായാണ് അവതരിപ്പിക്കുന്നത്.

വൈകിട്ട് 6.59ന് താനെയിലെ ഉപവൻ ആംഫി തിയറ്ററിലാണ് ദേവയാനിക്ക് വേദി ഒരുങ്ങിയത്. പുരാണങ്ങളിൽ നിന്നുള്ള ദേവയാനിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ഈ നൃത്താവിഷ്‌കാരം ഒരു പെൺകുട്ടിയുടെ വികാരങ്ങളെയും ബാലിശമായ തീരുമാനങ്ങളെയും അതിന്‍റെ അനന്തര ഫലങ്ങളെയും പ്രതിഫലിപ്പിച്ചു. അതേസമയം, മൃതസഞ്ജീവനി മന്ത്രം പഠിക്കാൻ വന്ന കചനോടു ദേവയാനിക്ക് തോന്നിയ പ്രണയം പിന്നീട് നിരവധി ദുരന്തങ്ങൾക്ക് വഴിതെളിക്കുന്നതിലേക്ക് കഥ വികസിക്കുന്നു. ഇതിലൂടെ ഇന്നത്തെ സമൂഹത്തിൽ പ്രണയത്തിൽ പെട്ട് ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ പക്വതയില്ലാതെ എടുക്കുന്ന കൗമാരക്കാരുടെ മനോഭാവവും അതിന്റെ പ്രതിഫലനങ്ങളും കൂടി അവതരിപ്പിക്കുക വഴി വർത്തമാന പരിസരത്തേക്കുള്ള ദർപ്പണം കൂടിയായി ഈ നൃത്തശില്പത്തെ നീന പ്രസാദ് മാറ്റിത്തീർത്തു.

വര്‍ഷങ്ങളായി ഇന്ത്യക്കകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് നീന പ്രസാദ്. നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി എന്നതിന് ഉപരിയായി അവർ കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിന് പുതിയ പരിപ്രേക്ഷ്യങ്ങൾ നൽകി വരുന്നു.

വിശ്രുത കർണ്ണാട്ടിക് സംഗീതജ്ഞൻ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയുടെ ശ്രുതി മധുരമായ ആലാപനം ദേവയാനിയുടെ അവസ്ഥാന്തരങ്ങളെ പ്രേക്ഷകരിലേക്കെത്തിക്കുവാൻ സഹായകമാക്കി. രമേഷ് ബാബു മൃദംഗത്തിലും വയലിനിൽ വിജു.എസ്.ആനന്ദും ഇടക്കയിൽ കലാമണ്ഡലം അരുൺ ദാസും ചൊല്ലുകളാൽ അശ്വതി കൃഷ്ണയും നീനാ മോഹനമെന്ന നൃത്തസന്ധ്യക്ക് മിഴിവ് പകർന്നു. സ്മിത അനീഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നീന പ്രസാദിന്‍റെ പ്രിയ ശിഷ്യ ഡിംപിൾ ഗിരീഷ് നന്ദി പറഞ്ഞു.

സാമൂഹിക പ്രവർത്തകനായ ലയൺ കുമാരൻ നായർ, ശ്രീ നാരായണ മന്ദിര സമിതി ഭാരവാഹികളായ എം.എ ദാമോദരൻ, മോഹൻദാസ്, ഗിരീഷ് ഗോപാലൻ, കഥകളി കലാകാരി താര വർമ്മ, ഇപ്റ്റയുടെ പ്രവർത്തകരായ വി.സുബ്രഹ്മണ്യൻ, ഷോളി സതികുമാർ, ജി. വിശ്വനാഥൻ, രേണു മണിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇപ്റ്റ കേരള മുംബൈ ഘടകം പ്രവർത്തകർ നൃത്തസന്ധ്യക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArtdanceCultureMohiniyattam
News Summary - 'Neena Mohanam' creates a unique acting wonder
Next Story