നരേന്ദ്ര മോദി വാക്കുപാലിക്കാത്തയാൾ -ഖാർഗെ
text_fields‘ഗൃഹജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തെളിയിച്ച വൈദ്യുതിവിളക്ക് ഉയർത്തിക്കാട്ടുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: ബി.ജെ.പി. സർക്കാർ ഒരു പദ്ധതിയും പാവപ്പെട്ടവർക്കായി നടപ്പാക്കിയില്ലെന്നും പറഞ്ഞവാക്ക് പാലിക്കാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്റെ തട്ടകമായ കലബുറഗിയിൽ സിദ്ധരാമയ്യ സർക്കാറിന്റെ അഞ്ചിന ജനപ്രിയപദ്ധതികളിലെ പ്രധാനപ്പെട്ട ‘ഗൃഹജ്യോതി’ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രണ്ടു കോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നും എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിൽവന്ന മോദി ഒന്നും പാലിച്ചില്ല. കർണാടകയിലെ കോൺഗ്രസ് സർക്കാർ വാഗ്ദാനങ്ങൾ ഓരോന്നും നടപ്പാക്കുകയാണ്. പ്രകടന പത്രികയിലെ 76 പദ്ധതികളും അഞ്ചുവർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇൻഡ്യ’ മുന്നണിയെ അധികാരത്തിലെത്തിക്കണം. രാജ്യം സുരക്ഷിതമാകണമെങ്കിൽ കോൺഗ്രസ് അധികാരത്തിൽ വരണം. പാർലമെന്റിൽ ഇൻഡ്യ സഖ്യം വരണം. പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും നന്മക്കായി, ജനാധിപത്യത്തിന്റെ ഭരണഘടനയുടെയും സുരക്ഷക്കായി മുന്നണിയെ അധികാരത്തിലെത്തിക്കണം.
കോൺഗ്രസ് അധികാരത്തിൽ വരുമ്പോഴെല്ലാം പാവപ്പെട്ടവർ, സ്ത്രീകൾ, കൂലിത്തൊഴിലാളികൾ, യുവാക്കൾ എന്നിവർക്കെല്ലാം പുതിയ പദ്ധതികൾ നടപ്പാക്കാറുണ്ട്. സിദ്ധരാമയ്യ സർക്കാർ പലപദ്ധതികളും നടപ്പാക്കി. ജനങ്ങളുടെ ക്ഷേമത്തിന് അഞ്ച് വാഗ്ദാനപദ്ധതികൾ കൊണ്ടുവന്നുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഊർജമന്ത്രി കെ.ജെ. ജോർജ്, മന്ത്രിമാരായ ശരണബസപ്പ ദർശനാപുര, പ്രിയാങ്ക് ഖാർഗെ, ഈശ്വർ ഖാൻഡ്രെ തുടങ്ങിയവരും സംബന്ധിച്ചു.
വൈദ്യുതിക്ക് പൂജ്യം ബില്ലുകൾ
വീടുകളിൽ മാസന്തോറും 200 യൂനിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നൽകുന്ന കോൺഗ്രസ് സർക്കാറിന്റെ പദ്ധതിയാണ് ഗൃഹജ്യോതി. 200 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം. ഓരോ വീടുകളുടെയും 12 മാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കും. ഇതിൽ 10 ശതമാനം കൂടി ആനുകൂല്യം നൽകിയാണ് പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പദ്ധതിക്കായി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് ഒരു കോടിയിലേറെ ആളുകളാണ്. വാടക വീടുകളിൽ കഴിയുന്നവർക്കും ആനുകൂല്യം ലഭിക്കും. പദ്ധതിക്ക് അപേക്ഷിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. എപ്പോഴും അപേക്ഷ നൽകാം. ജൂലൈ 27 വരെ രജിസ്റ്റർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ ആനുകൂല്യം ലഭ്യമാവുക. ബാംഗ്ലൂർ വൺ, ഗ്രാമ വൺ, സേവ ഭാരതി പോർട്ടൽ, കർണാടക വൺ ഓഫിസുകൾ എന്നിവ വഴിയാണ് പദ്ധതിക്കായി അപേക്ഷിക്കേണ്ടത്. കസ്റ്റമർ നമ്പർ, ആധാർ കാർഡ് എന്നിവ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കർണാടകയിൽ താമസിക്കുന്നതായി തെളിയിക്കുന്ന ആധാർ കാർഡ് നിർബന്ധമാണ്. ടോൾ ഫ്രീ നമ്പർ: 1912.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

