നരേന്ദ്ര മോദിയും അമിത് ഷായും വീണ്ടും കർണാടകയിലേക്ക്
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കർണാടകയിലെത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി. സുനിൽകുമാർ പറഞ്ഞു. ശനിയാഴ്ച ബംഗളൂരുവിലെയും ചിക്കബല്ലപുരയിലെയും പൊതുസമ്മേളനങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ബംഗളൂരുവിൽ പാലസ് ഗ്രൗണ്ടിലായിരിക്കും സമ്മേളനം. ചൊവ്വാഴ്ച ബംഗളൂരുവിലെത്തുന്ന അമിത് ഷാ യശ്വന്ത്പൂരിൽ റോഡ് ഷോ നടത്തും. തുടർന്ന് ഉച്ചക്ക് യെലഹങ്കയിലെ പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം വൈകീട്ട് ബൊമ്മനഹള്ളിയിലും ശേഷം മഹാദേവപുരയിലും റോഡ് ഷോ സംഘടിപ്പിക്കും. ബുധനാഴ്ച ചിക്കമഗളൂരു, തുമകുരു, ഹുബ്ബള്ളി എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബുധനാഴ്ച കർണാടകയിലെത്തുന്നുണ്ട്. ആർ.ആർ നഗറിൽ റോഡ് ഷോയിലും മടിക്കേരി, മാൽപേ, ഉഡുപ്പി എന്നിവിടങ്ങളിലെ പൊതുസമ്മേളനങ്ങളിലുമാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ബുധനാഴ്ച സംസ്ഥാനത്തെത്തും.

