യാത്രക്കാർ കുറഞ്ഞു; നമ്മമെട്രൊ നിരക്കിൽ ഇളവ് വരുത്തി
text_fieldsബംഗളൂരു: വൻതോതിൽ നിരക്ക് വർധിപ്പിച്ച ബംഗളൂരു മെട്രോ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതേത്തുടർന്ന് അധികൃതർ നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ശരാശരി 50 ശതമാനമായിരുന്നു വർധിപ്പിച്ചത്. സാധാരണ പ്രതിദിനം 8.5-9 ലക്ഷം യാത്രക്കാർ സഞ്ചരിക്കുന്ന ബംഗളൂരു മെട്രോയിൽ പ്രതിദിനം 20,000 മുതൽ 30,000 വരെ യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസം 11ന് യാത്രക്കാരുടെ എണ്ണം 7.75 ലക്ഷമായി കുറഞ്ഞു.
തിങ്കളാഴ്ച 8.04 ലക്ഷം യാത്രക്കാർ മാത്രമാണ് മെട്രോ ഉപയോഗിച്ചത്. മെട്രോ നിരക്ക് വർധനയിൽ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ പ്രതികരണം പരിശോധിച്ച ബോർഡ് പ്രത്യേക ഘട്ടങ്ങളിൽ അസാധാരണമായ നിരക്ക് വർധന കുറക്കാൻ തീരുമാനിച്ചതായി ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) മാനേജിങ് ഡയറക്ടർ മഹേശ്വര റാവു പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മെട്രോയും റെയിൽവേ ബോർഡും യോഗം ചേർന്ന് നിരക്ക് നിർണയ കമ്മിറ്റിയുടെ മൊത്തത്തിലുള്ള നിർദേശങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടത്തി. ഇതേത്തുടർന്നാണ് ഉടൻ പ്രാബല്യത്തിൽ ഇളവ് പ്രഖ്യാപിക്കുന്നത്.യാത്രക്കാരുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് ഊന്നിപ്പറഞ്ഞ റാവു നിരക്ക് നിശ്ചയിക്കൽ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് അന്തിമ തീരുമാനങ്ങൾ എടുക്കുന്നതെന്ന് വിശദീകരിച്ചു. നിരക്ക് നിശ്ചയിക്കൽ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് അന്തിമ തീരുമാനങ്ങൾ എടുക്കുന്നതെന്ന് റാവു അവകാശപ്പെട്ടു. നിരക്ക് വർധന ബംഗളൂരു നിവാസികൾക്കിടയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
പലരും മെട്രോ ബഹിഷ്കരിക്കൽ എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ചു. മാധ്യമങ്ങളും ജനപക്ഷം ചേർന്നു. രാജ്യത്തെ വിവിധ മെട്രോ നിരക്കുകൾ താരതമ്യം ചെയ്താണ് ‘മാധ്യമം’ നമ്മ മെട്രൊ കൊള്ള തുറന്നുകാട്ടിയത്. നിരക്ക് വർധന ബംഗളൂരു മെട്രോക്ക് സാമ്പത്തിക ഉത്തേജനം നൽകിയിരുന്നു. നിരക്ക് പരിഷ്കരണത്തിന് മുമ്പ് പ്രതിദിനം ഏകദേശം രണ്ട് കോടി രൂപ വരുമാനം നേടിയിരുന്നു. വർധനക്ക് ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ വരുമാനം കുതിച്ചുയർന്നു. ഈ മാസം ഒമ്പതിന് വരുമാനം മൂന്ന് കോടി രൂപയിലെത്തി. 12 ആയപ്പോഴേക്കും 3.91 കോടി രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മെട്രോയുടെ പ്രതിദിന വരുമാനം ശരാശരി ഒന്നരക്കോടി രൂപ വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

