നമ്മ മെട്രോ പിങ്ക് ലൈൻ: പരീക്ഷണ ഓട്ടം ഈ മാസം അവസാനം
text_fieldsബംഗളൂരു : നമ്മ മെട്രോ പിങ്ക് ലൈനിലെ പുതിയ ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് റെയിൽവേ ബോർഡിന്റെ നിർണ്ണായക അനുമതി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള പരിശോധനകൾക്കായി ഈമാസം 24-ന് വിദഗ്ധ സംഘം ബംഗളൂരുവിലെത്തും.
പരീക്ഷണങ്ങൾക്കായി ബി.എം.ആർ.സി.എൽ സമർപ്പിച്ച അപേക്ഷക്ക് റെയിൽവേ ബോർഡ് അനുമതി നൽകി. ബംഗളൂരു ആസ്ഥാനമായ ബി.ഇ.എം.എൽ നിർമ്മിച്ച അഞ്ച് ട്രെയിനുകളാണ് നിലവിൽ പരീക്ഷണത്തിന് സജ്ജമായത്. ഡിസൈൻ സംബന്ധമായ ചില സാങ്കേതിക സംശയങ്ങൾ റെയിൽവേ ബോർഡ് ഉന്നയിച്ചത് ആർ.ഡി.എസ്.ഒ പരിശോധനകൾ വൈകിച്ചു.
പത്തു ദിവസത്തോളം നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങളിൽ ട്രെയിനുകളുടെ വേഗത, ബ്രേക്കിംഗ് സംവിധാനം, പാളങ്ങളുമായുള്ള പൊരുത്തപ്പെടൽ എന്നിവ വിശദമായി പരിശോധിക്കും. ആർ.ഡി.എസ്.ഒ നൽകുന്ന സ്പീഡ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ അവസാനഘട്ട പരിശോധനകൾക്കും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരത്തിനും അപേക്ഷിക്കാൻ ബി.എം.ആർ.സി.എല്ലിന് സാധിക്കൂ. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസമെങ്കിലും എടുക്കും. അതിനാൽ കാളേന അഗ്രഹാര മുതൽ താവരേക്കര വരെയുള്ള 7.5 കിലോമീറ്റർ എലവേറ്റഡ് പാത മെയ് മാസത്തിൽ തുറക്കുമെന്ന മുൻ നിശ്ചയിച്ച സമയപരിധി നീളാനാണ് സാധ്യത. ആറ് സ്റ്റേഷനുകളുള്ള ഈ പാത പ്രവർത്തനക്ഷമമാകുന്നതോടെ ബംഗളൂരു മെട്രോ ശൃംഖലയുടെ ആകെ നീളം 103.6 കിലോമീറ്ററായി വർധിക്കും.
ഇതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ ശൃംഖലയെന്ന സ്ഥാനം ബംഗളൂരു തിരിച്ചുപിടിക്കും. ബന്നാർഘട്ട റോഡിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്ന് കരുതപ്പെടുന്ന ഈ പാതയിൽ അഞ്ച് ട്രെയിനുകൾ ഉപയോഗിച്ച് അഞ്ച് മിനിറ്റ് ഇടവേളയിൽ സർവീസ് നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പിങ്ക് ലൈനിലെ ഭൂഗർഭ പാത (ഡയറി സർക്കിൾ - നാഗവാര) ഈ വർഷം ഡിസംബറിൽ തുറക്കാനാണ് നിലവിലെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

