Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നമ്മ മെട്രോ നിരക്ക് വര്‍ധന: പരസ്പരം പഴിചാരി ബി.ജെ.പിയും കോണ്‍ഗ്രസും

text_fields
bookmark_border
കേന്ദ്രം വർധിപ്പിച്ചതായി കോൺഗ്രസ്; കർണാടക സർക്കാർ ആവശ്യപ്പെട്ടതായി ബി.ജെ.പി
നമ്മ മെട്രോ നിരക്ക് വര്‍ധന: പരസ്പരം പഴിചാരി ബി.ജെ.പിയും കോണ്‍ഗ്രസും
cancel

ബംഗളൂരു: നമ്മ മെട്രോ നിരക്ക് വര്‍ധനയില്‍ പരസ്പരം പഴിചാരി ബി.ജെ.പിയും കോണ്‍ഗ്രസും. നിരക്ക് വര്‍ധനക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാറാണെന്ന് സംസ്ഥാന സർക്കാർ പറയുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് വര്‍ധനവ് നടപ്പാക്കിയതെന്ന് ബി.ജെ.പി വക്താക്കൾ പറയുന്നു.

മെട്രോ യാത്രാനിരക്ക് പരിഷ്കരണം സംബന്ധിച്ച് കേന്ദ്രസർക്കാറുമായി ചർച്ച നടത്തുമെന്നും എഫ്‌.എഫ്‌.സി ശിപാർശചെയ്ത യാത്രാനിരക്ക് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച പറഞ്ഞു. മെട്രോ നിരക്കുകൾ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാറല്ല.

ബി.ജെ.പി തയാറാക്കി പാസാക്കിയ കേന്ദ്ര നിയമമായ 2002ലെ മെട്രോ റെയിൽ‌വേസ് (ഓപറേഷൻസ് ആന്‍ഡ് മെയിന്‍റനന്‍സ്) ആക്ട് പ്രകാരമാണ് ഇവ നിശ്ചയിച്ചിരിക്കുന്നത്. യൂനിയൻ ചട്ടക്കൂടിന് കീഴിൽ നിയമപരമായി അടിച്ചേൽപിച്ച തീരുമാനത്തിന് സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തുന്നത് സത്യസന്ധതയില്ലായ്മ മാത്രമല്ല, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂർവമായ ശ്രമമാണെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ബി.ജെ.പിയോട് ആവശ്യപ്പെട്ടു.

ഡൽഹിയിൽ കർണാടകയുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി നേതാക്കൾ ബംഗളൂരുവിൽ നാടകം കളിക്കുകയാണ്. നാണമില്ലാതെ സംസ്ഥാന സർക്കാറിനെ ഉന്നംവെക്കുകയാണ്.

എന്തുകൊണ്ട് കർണാടകയിൽനിന്നുള്ള ബി.ജെ.പി എം.പിമാർ പാർലമെന്‍റില്‍ ഈ വിഷയം ഉന്നയിക്കുന്നില്ല? കർണാടകയിൽ നടപ്പാക്കുന്ന ഉയർന്ന യാത്രാനിരക്കുകളെ കേന്ദ്രതലത്തിൽനിന്നുള്ള ബി.ജെ.പി മന്ത്രിമാർ എതിർക്കാത്തത് എന്തുകൊണ്ട്? ബംഗളൂരുവിലെ ജനങ്ങളോടൊപ്പം നിൽക്കുന്നതിന് പകരം കർണാടകയിലെ ബി.ജെ.പി എന്തുകൊണ്ടാണ് ഡൽഹിയുടെ വക്താവായി പ്രവർത്തിക്കുന്നത്? എന്നീ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

ഉത്തരം വ്യക്തമാണെന്നും കർണാടകയിലെ ബി.ജെ.പി നേതാക്കൾക്ക് സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനേക്കാൾ അവരുടെ ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്തുന്നതിലാണ് കൂടുതൽ താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

യാത്രാനിരക്ക് വർധന ഒറ്റപ്പെട്ട സംഭവമല്ല. നികുതി വിഭജനം കുറക്കൽ, ന്യായമായ ഗ്രാനഡുകള്‍ നിഷേധിക്കൽ, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കാലതാമസം, ഇപ്പോൾ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന മെട്രോ നിരക്കുകൾ എന്നിവയിലൂടെ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രം കർണാടകയെ ആവർത്തിച്ച് ദ്രോഹിക്കുന്നതിന്‍റെ പ്രത്യക്ഷത്തിലുള്ള ഉദാഹരണം കൂടിയാണിത്.

പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്താനും ജനങ്ങളുടെ വേദന മുതലാക്കി രാഷ്ട്രീയം കളിക്കുന്നത് നിർത്താനും ആദ്യം കർണാടകയോടും പിന്നീട് പാർട്ടിയോടുമുള്ള കടമ നിർവഹിക്കാനും ബി.ജെ.പിയോട് അഭ്യർഥിക്കുന്നു.

സംസ്ഥാന സർക്കാർ എപ്പോഴും ജനങ്ങളോടൊപ്പം നിൽക്കും. സാമ്പത്തികമോ ഭരണപരമോ രാഷ്ട്രീയമോ ആയ ഒരനീതിക്കും ഉത്തരം ലഭിക്കാതെ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) വാർഷിക ഓട്ടോമാറ്റിക് നിരക്ക് ക്രമീകരണ സംവിധാനത്തിന്‍റെ ഭാഗമായി ഫെബ്രുവരി ഒമ്പത് മുതൽ മെട്രോ റെയിൽ നിരക്കുകൾ പരിഷ്കരിക്കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ബി.ജെ.പിയും കോൺഗ്രസും കൊമ്പു കോര്‍ത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Namma Metro fare hike: BJP and Congress blame each other
Next Story