നാഗര്‍ഹോള ദേശീയോദ്യാനം; ആനകളെ തുരത്താൻ എ.ഐ ശബ്ദ കാമറ സ്ഥാപിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: വനാതിര്‍ത്തിയിലുള്ള കൃഷിയിടങ്ങളിലെ വിളകള്‍ കാട്ടാനയില്‍നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാഗര്‍ഹോള ദേശീയോദ്യാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ എ.ഐ ശബ്ദ കാമറ സ്ഥാപിച്ചു. വീരനഹോസഹള്ളിയിലെ ബൊമ്മലപുര ഹാഡി അതിർത്തിക്കടുത്താണ് കാമറ. നിലവിൽ കാട്ടിൽനിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ആനകളെ കണ്ടെത്താൻ മാത്രമാണ് ഈ സംവിധാനം പ്രോഗ്രാം ചെയ്തത്.
ആനയുടെ ആകൃതി കാണുമ്പോള്‍ സാങ്കേതികവിദ്യ സജീവമാകും. ആനകളുടെ സഞ്ചാരപാതക്ക് അഭിമുഖമായാണ് കാമറ. കാട്ടിൽനിന്ന് പുറത്തേക്ക് നീങ്ങാന്‍ ആന ശ്രമിക്കുമ്പോള്‍ മൃഗത്തെ ഭയപ്പെടുത്താനും ശ്രദ്ധ തിരിക്കാനുമായി ബിൽറ്റ് ഇൻ സ്പീക്കറിലൂടെ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കും.
ആനകൾക്ക് തേനീച്ചകളെ പൊതുവെ ഭയമാണ്. ഇത് പരിഗണിച്ച് തേനീച്ചക്കൂട്ടം ഉണ്ടാക്കുന്ന ഉച്ചത്തിലുള്ള മുഴക്കത്തിന് സമാന ശബ്ദം, പടക്കങ്ങളുടെ ശബ്ദം, ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്നത്, ഇടിമിന്നലിന്റെയും മിന്നലിന്റെയും ശബ്ദം തുടങ്ങി 20ലധികം വ്യത്യസ്ത ശബ്ദ പാറ്റേണുകൾ സംവിധാനം പുറപ്പെടുവിക്കും. ഇതുമൂലം ആനകൾ പിൻവാങ്ങും.
തടസ്സമൊന്നുമില്ലെങ്കില്‍ 150 മീറ്റർവരെ ദൂരത്തിൽനിന്ന് ആനകളെ കാമറക്ക് കണ്ടെത്താൻ കഴിയും. ഫാം ഗാർഡ് കാമറ സ്ഥാപിച്ചശേഷം നാഗര്‍ഹോള ദേശീയോദ്യാനത്തിനു സമീപ ഗ്രാമങ്ങളില്‍ ആനശല്യം കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ ആവശ്യമായ മറ്റ് സ്ഥലങ്ങളിലും ഇത്തരം കാമറകൾ സ്ഥാപിക്കാൻ പദ്ധതിയിടുമെന്ന് ഹുൻസൂരിലെ നാഗരഹോള ദേശീയോദ്യാനത്തിലെ ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ പി.എ. സീമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

