നാല് മാസം അവധിയില്ല, മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം; മൈസൂരുവിൽ യുവതി ജീവനൊടുക്കി
text_fieldsമൈസൂരു: തൊഴിലിടത്തെ കടുത്ത മാനസിക സമ്മർദത്തെയും മേലുദ്യോഗസ്ഥന്റെ പീഡനത്തെയും തുടർന്ന് യുവതി ജീവനൊടുക്കി. മൈസൂരുവിലെ ഒരു സ്വകാര്യ മാർക്കറ്റിങ് സ്ഥാപനത്തിൽ ജീവനക്കാരിയായ നാഗേശ്വരിയാണ് മരിച്ചത്. നാല് മാസത്തോളം പ്രതിവാര അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിലെ കടുത്ത മാനസിക സമ്മർദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.
മരണത്തിന് മുൻപ് നാഗേശ്വരി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ കമ്പനിക്കും മേലുദ്യോഗസ്ഥനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മേലുദ്യോഗസ്ഥൻ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയാണെന്നും, തന്റേതല്ലാത്ത കുറ്റങ്ങൾക്ക് പോലും നിരന്തരം പീഡനം നേരിടുകയാണെന്നും കുറിപ്പിൽ പറയുന്നു. കഴിഞ്ഞ നാല് മാസമായി തനിക്ക് പ്രതിവാര അവധിയോ (വീക്കിലി ഓഫ്) അത്യാവശ്യ ഘട്ടങ്ങളിലെ അവധിയോ (എമർജൻസി ലീവ്) കമ്പനി അനുവദിച്ചിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിശ്രമമില്ലാതെയുള്ള തുടർച്ചയായ ജോലി നാഗേശ്വരിയെ മാനസികമായി വല്ലാതെ തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ജോലിസ്ഥലത്തെ ചെറിയ പ്രശ്‌നങ്ങൾ പോലും വലിയ സമ്മർദമായി മാറുന്ന അവസ്ഥയിലായിരുന്നു അവർ. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

