മൈസൂരു വിമാനത്താവളം റൺവേ വികസിപ്പിക്കൽ മാർച്ചിൽ തുടങ്ങും
text_fieldsബംഗളൂരു: മണ്ഡക്കള്ളിയിലെ മൈസൂരു വിമാനത്താവളത്തിന്‍റെ റൺവേ വികസിപ്പിക്കുന്നതിനായി ഭൂമിയേറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും. തുടർന്ന് മാർച്ചിൽ റൺവേ വികസനത്തിന്‍റെ നിർമാണജോലികൾ ആരംഭിക്കും. നിലവിൽ, 460 ഏക്കറിലാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. റൺവേ വികസനത്തിനായി 240 ഏക്കർ ഭൂമിയാണ് വേണ്ടത്. ഇതിൽ 194 ഏക്കർ ഇതിനകം ഏറ്റെടുത്തു. ഇനി 46 ഏക്കറാണ് ഏറ്റെടുക്കാനുള്ളത്. ഒരേക്കറിന് 1.5 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നഷ്ടപരിഹാരം.
ചെറിയ വിമാനങ്ങൾക്കുമാത്രം ഇറങ്ങാൻ സാധിക്കുന്ന 1740 മീറ്റർ നീളമുള്ള റൺവേയാണ് ഇപ്പോൾ വിമാനത്താവളത്തിലുള്ളത്.2750 മീറ്ററായി റൺവേ വികസിപ്പിക്കുന്നതോടെ ബോയിങ്, എയർബസ് തുടങ്ങിയ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതർ പറയുന്നു.
സംസ്ഥാന സർക്കാർ നിയോഗിച്ച കർണാടക ചെറുകിട വ്യവസായ വികസന കോർപറേഷനാണ് ഭൂമിയേറ്റെടുക്കലിന്‍റെ ചുമതല. ഏറ്റെടുക്കുന്ന ഭൂമി വിമാനത്താവള അതോറിറ്റി ഓഫ് ഇന്ത്യക്കാണ് കൈമാറുക.റൺവേ വികസന പദ്ധതിക്കായി സംസ്ഥാന സർക്കാർ 319 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ രണ്ടാം ഗഡുവായ 100 കോടി രൂപ അടുത്തിടെ കൈമാറിയിരുന്നു. ആദ്യ ഗഡുവായി 50 കോടി രൂപയാണ് അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

