ആന്ധ്ര യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് ഭർത്താവ്
text_fieldsലക്ഷ്മി
ബംഗളൂരു: ആന്ധ്രപ്രദേശ് സ്വദേശിയായ യുവതി ബംഗളൂരുവിലെ ബന്ധു വീട്ടില്‍ മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപിച്ച് ഭർത്താവ്. തിരുമല സ്വദേശിയായ വ്യവസായി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മി (24) കഴിഞ്ഞ ദിവസം ബംഗളൂരു നെലമംഗലയിലെ ബന്ധു സുഹാസിനിയുടെ വീട്ടിലാണ് മരിച്ചത്. ഇവിടെ അതിഥികളായെത്തിയതായിരുന്നു ദമ്പതികൾ. കുളിമുറിയിൽ കയറിയ ലക്ഷ്മി ഏറെ കഴിഞ്ഞിട്ടും പുറത്തുവന്നില്ല.
വെങ്കിട്ടരമണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന് തകർത്ത് നോക്കിയപ്പോൾ ലക്ഷ്മി അബോധാവസ്ഥയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. മുഖത്ത് ദുരൂഹമായ പാടുകളുണ്ടായിരുന്നു.
വീട്ടുകാർ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നെലമംഗല മോർച്ചറിയിലേക്ക് അയച്ചെങ്കിലും മരണത്തിന്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

