വേനല്‍ ചൂടില്‍ മൃഗങ്ങള്‍ക്ക് തണലേകി മൈസൂർ മൃഗശാല അധികൃതര്‍
text_fieldsമൈസൂരു മൃഗശാലയിൽ വേനലിനെ പ്രതിരോധിക്കാന്‍ ഗറില്ലക്കു വെള്ളം ചീറ്റുന്നു
ബംഗളൂരു: വേനൽക്കാല താപനില കനത്തത്തോടെ മൈസൂരു മൃഗശാലയിലെ മൃഗങ്ങള്‍ക്ക് തണലേകി മൃഗശാല അധികൃതര്‍. താപനില 35 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതോടെ മൃഗങ്ങളെയും പക്ഷികളെയും കഠിനമായ ചൂടിനെ നേരിടാൻ സഹായിക്കുന്ന നിരവധി നടപടികൾ മൃഗശാല അധികൃതര്‍ സ്വീകരിച്ചു. ഇന്ത്യയിലെ പ്രധാന സുവോളജിക്കൽ പാർക്കുകളിൽ ഒന്നായ മൈസൂരു മൃഗശാലയിൽ 145 ഇനങ്ങളിൽപ്പെട്ട 1,500ലധികം മൃഗങ്ങളും പക്ഷികളുമുണ്ട്.
മൃഗശാല പരിസരത്ത് തണുപ്പ് നിലനിർത്താൻ ഏകദേശം 150 വാട്ടർ സ്പ്രിംഗ്ളറുകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ, ആനകൾ, ജിറാഫുകൾ, സീബ്രകൾ, കാട്ടുപോത്ത്, മാൻ, ഗറില്ലകൾ, ചിമ്പാൻസികൾ എന്നിവയെ തണുപ്പിക്കാന്‍ ഈ സംവിധാനം ഉപകാരപ്രദമാണ്. മൃഗങ്ങളുടെ താമസ സ്ഥലങ്ങളിലും വിശ്രമ സ്ഥലങ്ങളിലും എയർ കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്. മാൻ പോലുള്ള സസ്യഭുക്കുകൾക്ക് ജലാശയങ്ങളും ചെളിക്കുഴികളും ഒരുക്കിയിട്ടുണ്ട്. ചിമ്പാൻസികളുടെ വാസസ്ഥലങ്ങള്‍ക്ക് സമീപം നനഞ്ഞ ചാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹിമാലയൻ കരടികളുടെ കൂടുകൾക്കുള്ളില്‍ ഐസ് ക്യൂബുകൾ ഇട്ടിട്ടുണ്ട്.
പക്ഷികളുടെ കൂടുകളില്‍ ജലധാരകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കരിക്ക്, തണ്ണിമത്തൻ, മസ്‌ക്മെലൺ, പഴച്ചാറുകൾ, ഇലകള്‍ എന്നിവ നിത്യവും നല്‍കുന്നു. ദിവസവും മൃഗങ്ങളുടെ ആരോഗ്യവും പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കാൻ മൃഗഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മൃഗശാല എക്സിക്യൂട്ടീവ് ഡയറക്ടർ പി. അനുഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

