അംബേദ്കർ പടമുള്ള ആശംസ ബാനർ നീക്കംചെയ്തു; മൈസൂരു സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം
text_fieldsമൈസൂരു സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ പ്രതിഷേധിക്കുന്നു
ബംഗളൂരു: രാജ്യത്തിന്റെ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് മാനസ ഗംഗോത്രിയിലെ മൈസൂരു സർവകലാശാല കാമ്പസിൽ സ്ഥാപിച്ച അംബേദ്കറുടെ ചിത്രം ആലേഖനം ചെയ്ത ബാനർ നീക്കം ചെയ്തതിൽ വൻ പ്രതിഷേധം.
സർവകലാശാല ഗവേഷണ വിദ്യാർഥി അസോസിയേഷൻ ദലിത് വിദ്യാർഥി ഒക്കുട്ട അംഗങ്ങളുടെ പിന്തുണയോടെ അനിശ്ചിതകാല സമരം തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച് കാമ്പസിലെ എല്ലാ വകുപ്പുകളും അടച്ചിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കാമ്പസിലെ ക്ലോക്ക് ടവറിന് മുന്നിൽ പ്രതിഷേധം ആരംഭിച്ച വിദ്യാർഥികൾ കാമ്പസ് മുഴുവൻ ചുറ്റി എല്ലാ വകുപ്പുകളും സന്ദർശിച്ചു. വകുപ്പുകൾ അടച്ചിട്ട് പിന്തുണ നൽകണമെന്ന് വിദ്യാർഥികളോടും ഫാക്കൽറ്റിയോടും അഭ്യർഥിച്ചു. ചില വകുപ്പുകൾ അപേക്ഷയോട് അനുകൂലമായി പ്രതികരിച്ചപ്പോൾ മറ്റു ചില വകുപ്പുകൾ ധാർമിക പിന്തുണ നൽകി പ്രവർത്തിക്കാൻ തീരുമാനിച്ചു.
മൈസൂരു സർവകലാശാല വൈസ് ചാൻസലർ പ്രഫ. എൻ.കെ. ലോകനാഥും രജിസ്ട്രാർ എം.കെ. സവിതയും പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സന്ദർശിച്ചു. സംസ്ഥാന സർക്കാർ സർവകലാശാല വി.സിയെ പുറത്താക്കുകയും അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ രാമചന്ദ്രയെ സസ്പെൻഡും ചെയ്യുന്നതുവരെ സമരം തുടരുമെന്ന് പ്രതിഷേധിക്കുന്ന വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. അസോസിയേഷന്റെ പരാതിയെത്തുടർന്ന് ജയലക്ഷ്മിപുരം പൊലീസ് കേസെടുത്തു. കാമ്പസ് മുഴുവൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

