മൈസൂരു എൻ.ഐ.ഇ.ഐ.ടി അധ്യാപക, ജീവനക്കാർ സമരത്തിൽ
text_fieldsഅധ്യാപക, ജീവനക്കാർ ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്ത് പ്രതിഷേധിക്കുന്നു
ബംഗളൂരു:മൈസൂരു കൂർഗള്ളിയിൽ (നോർത്ത് കാമ്പസ്) സ്ഥിതി ചെയ്യുന്ന എൻ.ഐ.ഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എൻ.ഐ.ഇ.ഐ.ടി) സ്ഥിരം അധ്യാപക, അനധ്യാപക ജീവനക്കാർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റിനെതിരെ പ്രതിഷേധ സമരം ആരംഭിച്ചു. സർവിസിൽനിന്ന് അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം മാനേജ്മെന്റ് ഈ ആരോപണം നിഷേധിച്ചു.കാമ്പസിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് ജീവനക്കാർ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
നിരവധി വർഷങ്ങളായി എൻ.ഐ.ഇ.ഐ.ടി ഐയിൽ വിവിധ വകുപ്പുകളിലും സ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. എൻ.ഐ.ഇ ഫൗണ്ടേഷൻ സ്ഥാപിച്ച എൻ.ഐ.ഇ.ഐ.ടി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജീനീയറിങ്ങിൽ ബാച്ചിലർ ഓഫ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇൻഫർമേഷൻ സയൻസ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയുൾപ്പെടെ ഒന്നിലധികം വിഷയങ്ങളിൽ ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്നു.
എന്നാൽ പ്രവേശനത്തിലെ കുത്തനെയുള്ള ഇടിവ് കാരണം കോഴ്സുകളുടെ എണ്ണം 50 ൽനിന്ന് 15 ആയി കുറഞ്ഞു. ഇതേത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് എൻ.ഐ.ഇയും എൻ.ഐ.ഇ.ടിയും ലയിപ്പിക്കാൻ തീരുമാനിച്ചു .ഈ നീക്കത്തെ അധ്യാപകരും അനധ്യാപകരും ഹൈകോടതിയിൽ നിയമപരമായി ചോദ്യം ചെയ്തു.കോഴ്സുകൾ കുറക്കുകയും വിദ്യാർഥികളുടെ എണ്ണം കുറയുകയും ചെയ്തതിനാൽ അധിക ജീവനക്കാരുണ്ട് എന്നാണ് മാനേജ്മെന്റ് പറയുന്നത്.
ശമ്പളം, ഗ്രാറ്റ്വിറ്റി, നോട്ടീസ് പീരിയഡ്, മറ്റ് നിയമപരമായ ആനുകൂല്യങ്ങൾ എന്നിവ പരിഗണിച്ചതിനു ശേഷമാണ് ജീവനക്കാരെ പിരിച്ചുവിടാൻ നടപടികൾ സ്വീകരിച്ചതെന്ന് അവർ അവകാശപ്പെടുന്നു. ലയനവും അടച്ചുപൂട്ടലും സർക്കാറിനെയും നിയമപരമായ സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടലിന് മുമ്പ് ജീവനക്കാർക്ക് വളന്ററി സെപ്പറേഷൻ സ്കീം (വി.എസ്.എസ്) കൂടാതെ ഗണ്യമായ സാമ്പത്തിക പാക്കേജും വാഗ്ദാനം ചെയ്തതായി മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
നിയമനടപടികൾ തുടരുന്നുണ്ടെങ്കിലും വിട്ടുവീഴ്ചയില്ലാതെ തങ്ങളുടെ അക്കാദമിക് കടമകൾ നിറവേറ്റുന്നതിൽ ജീവനക്കാർ തുടർന്നുവെന്ന് ജീവനക്കാർ വാദിക്കുന്നു. പതിവുപോലെ ജോലിക്കെത്തിയപ്പോൾ തങ്ങൾക്ക് കാമ്പസിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് അവർ ആരോപിച്ചു.ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ തങ്ങളുടെ അക്കാദമിക് ഉത്തരവാദിത്തങ്ങൾ തുടരാൻ അനുവദിക്കുന്നതിന് ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു.
ഹൈകോടതി നോട്ടീസ് അയച്ചു; അടുത്ത വാദം നാളെ നടക്കും
എൻ.ഐ.ഇ.ഐ.ടിയിലെ അധ്യാപക,ജീവനക്കാർ തങ്ങളുടെ തൊഴിലവകാശങ്ങൾ സംബന്ധിച്ച് സമർപ്പിച്ച ഹരജിയിൽ വാദം കേട്ട കർണാടക ഹൈകോടതി എൻ.ഐ.ഇ മാനേജ്മെന്റിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.ലയനം കാരണം ഹരജിക്കാരെ (ജീവനക്കാരെ) സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിൽനിന്ന് വിലക്കിയതായി കോടതി നിരീക്ഷിച്ചു, അതേസമയം ജീവനക്കാരെ നിയമപരമായി പിരിച്ചുവിട്ടത് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് പ്രതികളുടെ അഭിഭാഷകൻ വാദിക്കുകയും അനുബന്ധ രേഖകൾ സമർപ്പിക്കുമെന്ന് കോടതിക്ക് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ പിരിച്ചുവിടൽ ഉത്തരവ് തങ്ങളെ ഒരിക്കലും അറിയിച്ചിട്ടില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. ഇത് നടപടിക്രമങ്ങൾക്കിടെ കോടതി ചൂണ്ടിക്കാട്ടി. അടുത്ത വാദം കേൾക്കൽ തിങ്കളാഴ്ചയിലേക്ക് നിശ്ചയിച്ചു.
എൻ.ഐ.ഇ.ഐ.ടി
എല്ലാം നിയമപരമെന്ന് സെക്രട്ടറി
എല്ലാ കാര്യങ്ങളും നിയമപരമായാണ് മുന്നോട്ട് പോവുന്നതെന്ന് എൻ.ഐ.ഇ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എസ്.ബി. ഉദയ് ശങ്കർ പത്രക്കുറിപ്പിൽ അറിയിച്ചു.എൻ.ഐ.ഇ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്നതും 2008 ൽ സ്ഥാപിതമായതുമായ എൻ.ഐ.ഇ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ഇ.ഐ.ടി) ഈ വർഷം ഔദ്യോഗികമായി അടച്ചുപൂട്ടി.
യു.ജി.സിയുടെ കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി (വി.ടി.യു), കർണാടക സർക്കാർ എന്നിവയിൽനിന്ന് നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ട്.നിയമപരമായ മാർഗനിർദേശങ്ങൾ അനുസരിച്ച്, മൈസൂരു മാനന്തവാടി റോഡിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്, അതിന്റെ നോർത്ത് കാമ്പസ് വഴി വിദ്യാഭ്യാസ സേവനങ്ങൾ വികസിപ്പിക്കുന്നതിനായി എൻ.ഐ.ഇ.ഐ.ടി യുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ പാട്ടത്തിനെടുത്തു.
അക്കാദമിക് വിപുലീകരണത്തിനായി വർധിച്ചുവരുന്ന ഭൗതിക സ്ഥലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന് ഈ നടപടി അനിവാര്യമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് ജീവനക്കാർക്ക് ഗണ്യമായ സാമ്പത്തിക പാക്കേജോടുകൂടിയ വളന്ററി സെപ്പറേഷൻ സ്കീം വാഗ്ദാനം ചെയ്തു. പുതുതായി അപേക്ഷിക്കാനും ലഭ്യമായ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. വി.എസ്.എസ് തിരഞ്ഞെടുക്കാത്ത ജീവനക്കാരെ സാമ്പത്തിക ആനുകൂല്യങ്ങളോടെ അവരുടെ ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

