മൈസൂരു സാഹിത്യോത്സവം അഞ്ച്, ആറ് തീയതികളിൽ
text_fieldsമൈസൂരു സാഹിത്യോത്സവത്തിന്റെ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ബംഗളൂരു: മൈസൂരു സാഹിത്യോത്സവം ശനി, ഞായർ ദിവസങ്ങളിൽ മൈസൂരുവിലെ ഹോട്ടൽ സതേൺ സ്റ്റാറിൽ നടക്കും. മൈസൂരു സാഹിത്യോത്സവത്തിന്റെ ഒമ്പതാമത് പതിപ്പിൽ ബുക്കർ ഇന്റർനാഷനൽ പുരസ്കാര ജേതാവായ കന്നട സാഹിത്യകാരി ബാനു മുഷ്താഖും വിവർത്തക ദീപ ബസ്തിയും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാവും. ബാനു മുഷ്താഖിന്റെ ഹൃദയ ദീപ എന്ന കൃതി ദീപ ബസ്തി ‘ഹാർട്ട് ലാമ്പ്’ എന്ന പേരിൽ വിവർത്തനം ചെയ്തിരുന്നു.
ഈ കഥാസമാഹാരമാണ് 2025 ലെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് നേടിയത്. മൈസൂരു ലിറ്റററി ഫോറം ചാരിറ്റബ്ൾ ട്രസ്റ്റും മൈസൂരു ബുക്ക് ക്ലബ്സ് ചാരിറ്റബ്ൾ ട്രസ്റ്റും ചേർന്നാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10ന് മൈസൂർ രാജകുടുംബാംഗം പ്രമോദ ദേവി വാഡിയാർ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.
ഡി.ആർ.ഡി.എൽ ഡയറക്ടർ പത്മശ്രീ പ്രഹ്ലാദ രാമറാവു, ബാനു മുഷ്താഖ്, ദീപ ബസ്തി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന സെഷനുശേഷം ഭരത് ദിവാകർനയിക്കുന്ന പാനൽ ചർച്ച നടക്കും. ബാനു മുഷ്താഖും ദീപ ബസ്തിയും ചർച്ചയിൽ പങ്കെടുക്കും. മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ ഗോപാലകൃഷ്ണ ഗാന്ധി ‘എ നെയിം ഇൻഹെരിറ്റഡ്, എ വോയ്സ് എർൺഡ്’ എന്ന പുസ്തകത്തെക്കുറിച്ച് സംസാരിക്കും.
എഴുത്തുകാരിയും നിരൂപകയുമായ രഞ്ജിത് ഹോസ്കോട്ടെ, പത്രപ്രവർത്തക അരുന്ധതി നാഥ്, എഴുത്തുകാരി ദീപ്തി നവരത്ന എന്നിവർ തുടർന്നുള്ള സെഷനിൽ പങ്കെടുക്കും. നോവലിസ്റ്റ് അനിത നായർ, എഴുത്തുകാരൻ മാർക്ക് അബോട്ട്, റോമുലസ് വിറ്റേക്കർ, ഇഷാൻ ഷാനവാസ്, ജാനകി ലെനിൻ, മിത കപൂർ, ചിരാഗ് തക്കർ, കനിഷ്ക ഗുപ്ത, മണിശങ്കർ അയ്യർ, ജീത് തയ്യിൽ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കാളികളാവും.
വ്യാപകമായി ചർച്ച ചെയ്യപ്പെട്ട ബൊഫോഴ്സ് അഴിമതി കണ്ടെത്തിയ അന്വേഷണാത്മക പത്രപ്രവർത്തക ചിത്ര സുബ്രഹ്മണ്യവും സഹ പത്രപ്രവർത്തകയും കോളമിസ്റ്റുമായ വാസന്തി ഹരിപ്രകാശും പാനൽ ചർച്ചയിലെത്തും.
ഇതു സംബന്ധിച്ച് മൈസൂരു പത്രകാര ഭവനിൽ നടന്ന വാർത്തസമ്മേളനത്തിൽ മൈസൂരു ലിറ്റററി ഫോറം ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും മൈസൂരു ബുക്ക് ക്ലബ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെയും സ്ഥാപക-ഡയറക്ടറും ചെയർപേഴ്സനുമായ ശുഭ സഞ്ജയ് അരശ്, അംഗം കിറ്റി മന്ദന, സെക്രട്ടറി തങ്കം പനക്കൽ, വൈസ് ചെയർമാൻ സാം ചെറിയാൻ കുമ്പുകാട്ട്, അംഗം സി.ആർ. ഹനുമന്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

