മൈസൂരു-കുശാൽനഗർ ദേശീയപാത 275 ; പാക്കേജ് രണ്ടിന് പച്ചക്കൊടി
text_fieldsബംഗളൂരു: നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻ.എച്ച്.എ.ഐ) 92.3 കിലോമീറ്റർ മൈസൂരു-കുശാൽനഗർ ആക്‌സസ്-കൺട്രോൾഡ് ഹൈവേ പദ്ധതിക്ക് നാഷനൽ ബോർഡ് ഫോർ വൈൽഡ്‌ലൈഫ് (എൻ.ബി.ഡബ്ല്യു.എൽ) അനുമതി നൽകി. ബസവനഹള്ളി മുതൽ പെരിയപട്ടണവരെയുള്ള 22.7 കിലോമീറ്റർ പാക്കേജ് രണ്ടിനാണ് പച്ചക്കൊടി കിട്ടിയത്.
പാത പ്രാബല്യത്തില്‍ വരുന്നതോടെ മൈസൂരുവിനും കുശാല്‍നഗറിനും ഇടയിലുള്ള യാത്ര സമയം 1.5 മണിക്കൂറിൽ താഴെയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 4,126 കോടി രൂപ വകയിരുത്തിയിരിക്കുന്ന നാലുവരിപ്പാത അഞ്ച് പാക്കേജുകളിലായി നടപ്പാക്കും. മൈസൂരു-മടിക്കേരി രണ്ടുവരി റോഡിന് സമാന്തരമായാണ് പാത. 2023 മാർച്ച് 12ന് മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ദൈനംദിന യാത്ര സുഗമമാകുമെന്ന് മൈസൂരു-കുടക് എം.പി. യദുവീർ വൊഡയാർ പറഞ്ഞു. ഈ പാക്കേജില്‍ 8.3 കിലോമീറ്റർ വനഭൂമിയാണ്. നഷ്ടപരിഹാരമായി വനം വകുപ്പിന് പകരം ഭൂമി നൽകിയിട്ടുണ്ട്. കുടക്, ഹുൻസൂർ (മൈസൂരു) എന്നീ രണ്ട് ഡിവിഷനുകളുടെ കീഴിലാണ് ഈ പദ്ധതി. അതത് ഡെപ്യൂട്ടി കൺസർവേറ്റർമാരുടെ (ഡി.സി.എഫ്) സമ്മതപത്രങ്ങൾ നിർമാണ കമ്പനി സമർപ്പിച്ചു.
നിർമാണത്തിന് ആവശ്യമായ എല്ലാ യന്ത്രോപകരണങ്ങളും രണ്ട് വര്‍ഷം മുമ്പ് തന്നെ തയാറായിട്ടുണ്ട്. പാക്കേജ് രണ്ട് ഏകദേശം 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കുടക് ഡി.സി.എഫ് അഭിഷേക് പറഞ്ഞു. പാത യാഥാര്‍ഥ്യമാകുന്നതോടെ ബംഗളൂരുവില്‍നിന്ന് കുടക്, മംഗളൂരു, കേരളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മൈസൂരു നഗരത്തില്‍ പ്രവേശിക്കേണ്ടതില്ല. പാക്കേജ് ഒന്ന്: കുശാൽനഗർ മുതൽ മടിക്കേരി വരെ 22-കി.മീ, പാക്കേജ് രണ്ട്: ഗുഡ്ഡെഹോസൂർ മുതൽ ഹാസൻ-പെരിയപട്ടണ റോഡ് ജങ്ഷൻവരെ 22.7-കി.മീ, പാക്കേജ് മൂന്ന്: ഹെമ്മിഗെ ഗ്രാമം (ഹാസൻ-പെരിയപട്ടണ റോഡ് ജങ്ഷൻ) മുതൽ രാമനാഥപുര-തേരകണാമ്പി റോഡ്, കെ.ആർ. ഹുൻസൂരിലെ നഗർ ജങ്ഷൻവരെ 24.1 കി.മീ, പാക്കേജ് നാല്: രാമനാഥപുര-തേരകണാമ്പി റോഡും കെ.ആർ. നഗർ ജങ്ഷൻ മുതൽ യലച്ചഹള്ളിവരെ (യെൽവാൾ-കെ.ആർ. നഗർ റോഡ് ജങ്ഷന് സമീപം) 26.5-കി.മീ, പാക്കേജ് അഞ്ച്: പശ്ചിമവാഹിനിക്ക് സമീപം യലച്ചഹള്ളി മുതൽ ശ്രീരംഗപട്ടണം ബൈപാസ് - 19-കി.മീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

