മൈസൂരുവിലെ മരംമുറി: വനംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsമൈസൂരു നസർബാദിൽ എസ്.പി ഓഫിസിന് സമീപം ഹൈദരലി റോഡിലെ മരങ്ങൾ മുറിച്ചനിലയിൽ
ബംഗളൂരു: മൈസൂരു നസർബാദിലെ ഹൈദരലി റോഡിൽ കാലപ്പഴക്കമുള്ള 40 മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ പൊതുജനരോഷം രൂക്ഷമായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ.
അരനൂറ്റാണ്ടോളം പഴക്കമുള്ള 40 മരങ്ങൾ റോഡിന്റെ ഇരുവശത്തുനിന്നുമായി മുറിച്ചുമാറ്റിയതിന്റെ ആവശ്യകത ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. ഇത്ര ധിറുതിപിടിച്ച് പ്രസ്തുത റോഡ് വികസിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതെന്നും എന്നിട്ടും മരങ്ങൾ മുറിച്ചുമാറ്റിയതിന്റെ കാരണം ബോധിപ്പിക്കണമെന്നും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവർക്ക് മന്ത്രി അയച്ച കത്തിൽ പറഞ്ഞു.
ഹൈദർ അലി റോഡ് വീതി കൂട്ടുന്നതിനുള്ള ആവശ്യകതയും മരം മുറിക്കുന്നതിന് അനുമതി നൽകിയ പ്രക്രിയയും സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്നും ഏഴു ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്നും ഖണ്ഡ്രെ പറഞ്ഞു. വിഷയം ഉന്നതതലത്തിൽ അവലോകനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മൈസൂരുവിലെ വിവിധ സംഘടനകളുടെയും വിദ്യാർഥികളുടെയും കർഷകരുടെയും നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. മരങ്ങൾ വെട്ടിമുറിച്ചിടത്ത് റീത്ത് വെച്ചും മെഴുകുതിരി കത്തിച്ചുമായിരുന്നു പ്രതിഷേധം. മുറിച്ചുമാറ്റിയ 40 മരങ്ങള്‍ക്ക് പകരമായി 400 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മൈസൂരു സിറ്റി കോർപറേഷന് കഴിഞ്ഞ ദിവസം സംഭവത്തോട് പ്രതികരിച്ചിരുന്നു.
സമഗ്ര വികസന പദ്ധതി പ്രകാരം, 30 അടി വീതിയുള്ള റോഡ് 90 അടിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നെക്സസ് മാളിനും വെങ്കട ലിംഗയ്യ സര്‍ക്കിളിനും ഇടയിലുള്ള മുഹമ്മദ് സെയ്ദ് ബ്ലോക്കിലെ മരങ്ങളാണ് മുറിച്ചുമാറ്റിയത്. കാളികാംബ ക്ഷേത്രം മുതൽ എസ്.പി ഓഫിസ് സർക്ൾ വരെ 360 മീറ്റർ ദൂരം വരുന്നതാണ് 10 മീറ്ററോളം വീതിയുള്ള ഹൈദരലി റോഡ്.
ഇത് മീഡിയനടക്കം നിർമിച്ച് 90 അടി വീതിയുള്ളതാക്കാനാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഈ റോഡിന്റെ വീതി കുറവ് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് മൈസൂരു കോര്‍പറേഷന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

