മൈസൂരു ദസറക്ക് നാളെ സമാപനം; തിരക്കിൽ ഞെരുങ്ങി, ഒരുങ്ങി നഗരം
text_fieldsനഗരത്തിലെ തിരക്ക്
ബംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ മറ്റൊരു ചരിത്രമെഴുതി വ്യാഴാഴ്ച സമാപിക്കും. ബുക്കർ അവാർഡ് ജേതാവായ പ്രമുഖ സാഹിത്യകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ബി.ജെ.പിയും മുൻ മൈസൂരു എം.പി പ്രതാപ് സിംഹയും ഉയർത്തിയ വെല്ലുവിളി സംസ്ഥാന സർക്കാർ നേരിട്ടതാണ് ചരിത്രം. മുസ്ലിമായ മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്യുന്നത് തടയാൻ സിംഹ സുപ്രീംകോടതി വരെ കയറിയെങ്കിലും അനുകൂല വിധി നേടാനായിരുന്നില്ല.
വ്യാഴാഴ്ച നടക്കുന്ന ജംബോ സവാരിയാണ് ദസറയുടെ ഏറ്റവും ആകർഷക ഇനം. സവാരി ഘോഷയാത്രയിലെ ഏറ്റവും മനോഹരവും ആകാംക്ഷയോടെ കാത്തിരിക്കുന്നതുമായ 21 ഗൺ സല്യൂട്ട് നടത്തുന്നതിന് സിറ്റി ആംഡ് റിസർവിന്റെ പീരങ്കി ദൾ പൂർണ സജ്ജമായി. പൊലീസ് ബാൻഡ് ദേശീയഗാനം ആലപിക്കുമ്പോൾ, സുവർണ ഹൗഡയിൽ പുഷ്പാർച്ചന നടത്തുന്നതിനൊപ്പം ഇടിമുഴക്കത്തോടെയുള്ള സല്യൂട്ട് കൃത്യസമയത്ത് നടക്കും. സി.എ.ആർ ഡി.സി.പി സിദ്ധനഗൗഡ പാട്ടീലിന്റെ നേതൃത്വത്തിലും എ.സി.പി കുമാരസ്വാമിയുടെ മേൽനോട്ടത്തിലും 36 അംഗ പീരങ്കി ദൾ സൈനികർ കൃത്യതയോടെ സല്യൂട്ട് നിർവഹിക്കും.
ഏഴ് പരമ്പരാഗത പീരങ്കികൾ ഉപയോഗിച്ച് ഓരോന്നും മൂന്ന് റൗണ്ടുകൾ വെടിവെക്കുന്ന ഈ സ്ക്വാഡ് ഒരു മിനിറ്റിനകം 21 റൗണ്ടുകൾ ഉതിർക്കും. ടീം ഇതിനകം മൂന്ന് ട്രയൽ റണ്ണുകൾ പൂർത്തിയാക്കി. ഇപ്പോൾ അവസാന ഘട്ട തയാറെടുപ്പിലാണ്. സുരക്ഷയും കൃത്യതയും ഉറപ്പാക്കാൻ സ്ഫോടകവസ്തുക്കൾ സൂക്ഷ്മമായി അളന്ന് പാക്ക് ചെയ്തിട്ടുണ്ട്. ഏഴ് പീരങ്കികളിൽ നാലെണ്ണത്തിൽ 1.8 കിലോഗ്രാം വെടിമരുന്ന് നിറച്ചു. ബാക്കി മൂന്നെണ്ണത്തിൽ 1.6 കിലോഗ്രാം വീതമുണ്ടാകും. കഴിഞ്ഞ 15 ദിവസമായി സ്ക്വാഡ് കഠിന പരിശീലനത്തിലാണ്.
മൈസൂരു ദസറയുടെ ഭാഗമായി നടക്കുന്ന ഗൺ സല്യൂട്ട് പരിശീലനം
21 വെടിവെപ്പുകളുള്ള സല്യൂട്ട് മൂന്നുതവണ നടക്കും. ആദ്യം ബുധനാഴ്ച ടോർച്ച് ലൈറ്റ് പരേഡിന്റെ റിഹേഴ്സലിലും വ്യാഴാഴ്ച വിജയദശമി ദിനത്തിലെ ജംബോ സവാരി ഘോഷയാത്രക്ക് തൊട്ടുമുമ്പും നടക്കും. 11 ദിവസത്തെ ദസറ ഉത്സവത്തിന്റെ സമാപനം കുറിച്ച് നടക്കുന്ന ജംബോ സവാരി ഘോഷയാത്രക്ക് മൈസൂരു കൊട്ടാര പരിസരത്ത് അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. 45,000 പാസ് ഉടമകൾക്കും ഗോൾഡ് കാർഡ് കാണികൾക്കും ഇരിപ്പിട ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
ചൊവ്വാഴ്ച രാവിലെ കൊട്ടാരത്തിൽ ദസറ ആനകളുടെ അവസാന റിഹേഴ്സൽ നടന്നു. സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ, മൈസൂരു സർക്ൾ ഫോറസ്റ്റ് കൺസർവേറ്റർ രവിശങ്കർ, ഡി.സി.എഫ് ഐ.ബി പ്രഭു ഗൗഡ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വർണ ഹൗഡ വഹിക്കുന്ന അഭിമന്യുവിന് പുഷ്പാർച്ചന നടത്തി. 21 വെടിവെപ്പുകളുടെയും പൊലീസ് ബാൻഡ് സംഘത്തിന്റെ ദേശീയഗാനം ആലപിക്കലിന്റെയും ഇടയിൽ, കുങ്കി ആനകളായ കാവേരിയും രൂപയും അഭിമന്യുവിനെ അനുഗമിച്ചു.
മൈസൂരു ദസറയുടെ ഭാഗമായി ജംബോ സവാരിക്കുള്ള ഒരുക്കങ്ങൾ
ഇരിപ്പിടങ്ങളും സുരക്ഷ ക്രമീകരണങ്ങളും പരിശോധിച്ച ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കമീഷണർ ലട്കർ വ്യാഴാഴ്ച ബന്നിമണ്ഡപത്തിൽ നടക്കുന്ന ഘോഷയാത്രക്കും ടോർച്ച് ലൈറ്റ് പരേഡിനും പാസും ഗോൾഡ് കാർഡും ഉള്ളവരെ മാത്രമേ കൊട്ടാരത്തിനുള്ളിൽ പ്രവേശിപ്പിക്കൂ എന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

