വിസ്മയക്കാഴ്ചകളുമായി മൈസൂരു ദസറ തുടങ്ങി
text_fieldsരാജകുടുംബത്തിന്റെ സ്വകാര്യദസറ ആഘോഷം മൈസൂരു കൊട്ടാരത്തിൽ യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറിന്റെ നേതൃത്വത്തിൽ തുടങ്ങിയപ്പോൾ
ബംഗളൂരു: വിസ്മയക്കാഴ്ചകളൊരുക്കി കർണാടകയുടെ സംസ്ഥാന ഉത്സവമായ മൈസൂരു ദസറ ആരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു ഉദ്ഘാടനം. ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ പങ്കെടുത്തു. നവരാത്രി ദിനങ്ങളിൽ തുടങ്ങി വിജയദശമി നാളിൽ അവസാനിക്കുന്നതാണ് പത്തുദിവസത്തെ ഉത്സവം.
കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് ദസറ ആഘോഷം വിപുലമായി നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 34.5 കോടി രൂപയാണ് ചെലവിടുന്നത്. മൈസൂരു രാജകുടുംബത്തിന്റെ സ്വകാര്യ ദസറ ആഘോഷവും തിങ്കളാഴ്ച തുടങ്ങി. മൈസൂരു കൊട്ടാരത്തിൽ യെദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാറിന്റെ നേതൃത്വത്തിലാണിത്.
ഇക്കുറി ദസറ ആഘോഷത്തിൽ പങ്കെടുക്കുന്നത് 13 ആനകളാണ്. ആവശ്യമായ പരിശീലനമടക്കം ആനകൾക്ക് നൽകിക്കഴിഞ്ഞു. വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോസവാരിയുടെ പ്രധാന ആകർഷണമാണ് ഈ ആനകൾ. പീരങ്കി പരിശീലനവും നൽകി. ജംബോസവാരിയിൽ പീരങ്കിവെടി മുഴങ്ങുമ്പോൾ ആനകൾ പരിഭ്രമിക്കാതിരിക്കാനാണിത്. ഭീമ, മഹേന്ദ്ര, ധനഞ്ജയ, കാവേരി, ചൈത്ര, അർജുന, ഗോപാലസ്വാമി, അഭിമന്യു, പാർഥസാരഥി, വിജയ, ഗോപി, ശ്രീരാമ, സുഗ്രീവ എന്നിവയാണ് ആനകൾ.
ചാമുണ്ഡേശ്വരി ദേവിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നു. ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവർ സമീപം
ദസറയോടനുബന്ധിച്ച ദസറ പുഷ്പമേള കുപ്പണ്ണ പാർക്കിൽ ആരംഭിച്ചു. ഗ്ലാസ് ഹൗസിൽ രാഷ്ട്രപതിഭവന്റെ മാതൃകയാണ് പൂക്കൾ കൊണ്ട് ഒരുക്കിയിരിക്കുന്നത്. 35 അടി ഉയരത്തിലും 50 അടി വീതിയിലുമാണ് രാഷ്ട്രപതി ഭവന്റെ മാതൃകയുള്ളത്. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് ആദരാഞ്ജലിയുമായി പ്രത്യേക പവിലിയനും മേളയിലുണ്ട്.
എക്സിബിഷൻ ഗ്രൗണ്ടിൽ തുടങ്ങിയ ദസറ പ്രദർശനം മൂന്നു മാസം നീളും. കർണാടക എക്സിബിഷൻ അതോറിറ്റിയാണ് സംഘാടകർ. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. സ്കൂൾ വിദ്യാർഥികൾക്ക് ഗാന്ധിജയന്തിക്കും കന്നട രാജ്യോത്സവദിനത്തിനും സൗജന്യമായി പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

