എം.സി.സിയുടെ വിസ്തീർണം 255.138 ചതുരശ്ര കിലോമീറ്റർ വർധിപ്പിക്കും
text_fieldsബംഗളൂരു: മൈസൂർ സിറ്റി കോർപറേഷനെ (എം.സി.സി) ബ്രഹത് മൈസൂരു മഹാനഗര പാലികെ (ബി.എം.എം.പി) ആക്കി ഉയർത്താനുള്ള നിർദേശം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ, കോര്‍പറേഷന്‍റെ വിസ്തീർണം 255.138 ചതുരശ്ര കിലോമീറ്റർ വർധിക്കും.
നിലവില്‍ 86.310 ചതുരശ്ര കിലോമീറ്ററുള്ള എം.സി.സിയുടെ വിസ്തീർണം ഇനി 341.448 ചതുരശ്ര കിലോമീറ്ററായി മാറും. 2011ലെ സെൻസസും 2025ലെ പ്രൊജക്ഷനും അനുസരിച്ച് നിലവിൽ മൈസൂരു നഗരത്തിലെ ജനസംഖ്യ ഏകദേശം 11.5 ലക്ഷമാണ്. എം.സി.സിയിൽ പുതിയ പ്രദേശങ്ങൾ കൂടി ചേർക്കുന്നതോടെ ജനസംഖ്യ 14,41,000 ആയി ഉയരും. മൈസൂരു നഗരത്തിലെ നിലവിലുള്ള ഒമ്പത് സോണുകളിലേക്ക് ഒരു പുതിയ റവന്യൂ സോൺ കൂട്ടിച്ചേർക്കുമെന്ന് എം.സി.സി. ഡെപ്യൂട്ടി കമീഷണർ (റവന്യൂ) ജി.എസ്. സോമശേഖർ പറഞ്ഞു. പുതിയ പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങളോ എതിർപ്പുകളോ ഉണ്ടെങ്കിൽ അവക്കായി പ്രത്യേക അറിയിപ്പുകൾ പുറപ്പെടുവിക്കും. ബി.എം.എം.പി രൂപവത്കരണ പ്രക്രിയ 2026 ഏപ്രിലിൽ പൂർത്തിയാകുമെന്ന് സോമശേഖർ പറഞ്ഞു. ഒരു സിറ്റി മുനിസിപ്പൽ കൗൺസിലിന് (സി.എം.സി) കീഴിലുള്ള 54 പ്രദേശങ്ങൾ, നാല് ടൗൺ പഞ്ചായത്തുകൾ, എട്ട് ഗ്രാമ പഞ്ചായത്തുകൾ എന്നിവ ഇപ്പോൾ ബി.എം.എം.പിയിൽ ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

