മൈസൂരു-ബംഗളൂരു ഇനി ഏറെ അടുത്ത്; അതിവേഗ പാത ഉദ്ഘാടനം മാർച്ച് 11ന്
text_fieldsപത്തുവരിയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗ പാത
ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത മാർച്ച് 11ന് ഔദ്യോഗികമായി തുറന്നുകൊടുക്കും. മദ്ദൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്യും.
ഒമ്പത് വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയുള്ള മൈസൂരു-ബംഗളൂരു പാത പണി പൂർത്തിയായ ഭാഗങ്ങൾ നിലവിൽ ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
117 കിലോമീറ്റർ ദൂരം വരുന്ന പാതയിലൂടെ ബംഗളൂരു മുതൽ മൈസൂരു വരെ യാത്ര ചെയ്യാൻ പരമാവധി ഒന്നര മണിക്കൂർ മാത്രമേ വേണ്ടിവരുകയുള്ളൂവെന്നാണ് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) വ്യക്തമാക്കുന്നത്. നിലവിൽ റോഡ് മാർഗം 3-4 മണിക്കൂർ വരെ സമയം വേണ്ടിവരുന്നുണ്ട്. ആദ്യഘട്ടത്തിൽപെട്ട മാണ്ഡ്യ നിദ്ദഘട്ട മുതൽ ബംഗളൂരു കെങ്കേരി വരെയുള്ള 56 കിലോമീറ്റർ ദൂരത്തെ പണി 90 ശതമാനവും പൂർത്തിയായി. രണ്ടാംഘട്ടത്തിലെ നിദ്ദഘട്ട മുതൽ മൈസൂരു റിങ് റോഡ് ജങ്ഷൻ വരെയുള്ള 61 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. ഇതിലൂടെയുള്ള ടോൾനിരക്ക് ഒരുവശത്തേക്ക് 250 രൂപയായിരിക്കുമെന്ന് മൈസൂരു എം.പി പ്രതാപസിംഹ അടുത്തിടെ പറഞ്ഞിരുന്നു. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഇതുവരെ ഔദ്യോഗികപ്രഖ്യാപനം നടത്തിയിട്ടില്ല. മേൽപാലങ്ങൾ, അടിപ്പാതകൾ, പാലങ്ങൾ, വാഹനങ്ങളുടെ എണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ടോൾനിരക്ക് കണക്കാക്കുക.
ബംഗളൂരു-നിദ്ദഘട്ട ഭാഗത്താണ് ആദ്യം ടോൾ ഈടാക്കുകയെന്നും നിദ്ദഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോൾ പിരിവ് ഏർപ്പെടുത്തുകയെന്നും നേരത്തേ എം.പി അറിയിച്ചിരുന്നു.
മാർച്ച് 11ന് എത്തുന്ന മോദി ധാർവാഡിലെ പുതിയ ഐ.ഐ.ടി കാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇതിന് ശേഷമാണ് മദ്ദൂരിലെത്തി അതിവേഗപാതയുടെ ഉദ്ഘാടനം നിർവഹിക്കുക. ശേഷം രാമനഗരയിലെ മെഡിക്കൽ യൂനിവേഴ്സിറ്റി ആൻഡ് ഹെൽത്ത് സിറ്റി കാമ്പസിന്റെ തറക്കല്ലിടൽ നടത്തും. മദ്ദൂരിൽ ബി.ജെ.പി നടത്തുന്ന മെഗാ റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

