മൈസൂരു വിമാനത്താവളം റൺവേ വികസനം; സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാകുന്നു -മന്ത്രി
text_fieldsമന്ത്രി ദേവപ്പ
ബംഗളൂരു: മൈസൂരു വിമാനത്താവള റൺവേ വികസന പദ്ധതി അതിവേഗം പുരോഗമിക്കുകയാണെന്ന് മൈസൂരു ജില്ല ചുമതല വഹിക്കുന്ന ഡോ. എച്ച്.സി. മഹാദേവപ്പ പറഞ്ഞു. മൈസൂരുവിൽ ജില്ലതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കൽ ഏതാണ്ട് പൂർത്തിയായി. ആവശ്യമായ 240 ഏക്കറിൽ 230 ഏക്കർ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.
ബാക്കി 10 ഏക്കർ ഏറ്റെടുക്കലിന്റെ അവസാന ഘട്ടത്തിലാണ്. നഷ്ടപരിഹാരം വിതരണം ചെയ്തുകഴിഞ്ഞാൽ ഭൂമി ഔദ്യോഗികമായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കൈമാറും. 360 പേർക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങളെ ഉൾക്കൊള്ളുന്നതിനായി റൺവേ വികസിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. ഇത് മൈസൂരു, ബംഗളൂരു, കേരളം എന്നിവക്കിടയിലുള്ള പ്രാദേശിക വ്യോമഗതാഗത ബന്ധം ഗണ്യമായി വർധിപ്പിക്കും.
വിമാനത്താവള വികസനത്തിന് തടസ്സമാകുന്ന ഹൈടെൻഷൻ വൈദ്യുതി ലൈനുകളും ഡ്രെയിനേജ് ചാനലുകളും മാറ്റി സ്ഥാപിക്കുന്നതിന് 100 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാന സർക്കാർ ചെലവ് വഹിക്കണമെന്ന് എ.എ.ഐ അഭ്യർഥിച്ചതിനെതുടർന്നാണിത്. റൺവേ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വൈദ്യുതി ലൈനുകൾ പുനഃക്രമീകരിക്കുന്നതിനും അണ്ടർബ്രിഡ്ജ് ഘടനകൾ നിർമിക്കുന്നതിനും അനുവദിച്ച തുക ഉപയോഗിക്കും.
അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്ക് ഏകദേശം ആറ് മാസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമീപത്തുള്ള ജലസേചന കനാലുകളുടെ നിർമാണം വിമാനത്താവള വികസനത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. സമാന്തരമായി മൈസൂരു-നഞ്ചൻഗുഡ് ദേശീയപാത പുനർനിർമിക്കും.
വിമാനത്താവള കണക്റ്റിവിറ്റി സുഗമമാക്കുന്നതിനായി ചിക്കെഗൗഡനഹുണ്ടിക്കും കടക്കോള ടോൾ പ്ലാസക്കും ഇടയിൽ പുതിയ റോഡ് ആസൂത്രണം ചെയ്യും. മൈസൂരു-നഞ്ചൻഗുഡ്-ഗുണ്ടൽപേട്ട് ഹൈവേ ആറ് വരിയാക്കി ഉയർത്തുന്നതിനുള്ള നിർദേശം സമർപ്പിക്കുകയും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയിൽനിന്ന് പ്രോത്സാഹജനകമായ പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

