മൈസൂരു വിമാനത്താവളത്തിന് മലയാളി വനിത ഡയറക്ടർ
text_fieldsപി.വി. ഉഷകുമാരി
ബംഗളൂരു: മൈസൂരു വിമാനത്താവളത്തിന്റെ ആദ്യ വനിത ഡയറക്ടറായി തിരുവനന്തപുരം ആനയറ സ്വദേശി പി.വി. ഉഷകുമാരി ചുമതലയേറ്റു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡെപ്യൂട്ടി ജനറൽ മാനേജറും എയർസൈഡ് ഓപറേഷൻസ് മേധാവിയുമായിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപറേഷൻസ് വകുപ്പിൽ സുരക്ഷ സൂപ്പർവൈസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ എയർപോർട്ട് ഓപറേഷൻസ് കൺട്രോൾ സെന്റർ (എ.ഒ.സി.സി) സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. 2015ലെ ചെന്നൈയിലെ വെള്ളപ്പൊക്കം, 2018ലെ കേരളത്തിലെ വെള്ളപ്പൊക്കം എന്നിവയുടെ സമയത്ത് വിമാനത്താവളത്തിൽ യാത്ര സുഗമമാക്കുന്നതിന് നടത്തിയ ശ്രമങ്ങൾ പ്രശംസ നേടിയിരുന്നു.
2025ലെ പ്രയാഗ്‌രാജ് മഹാകുംഭമേളയിലും വിമാനത്താവളത്തിലെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കോഴിക്കോട് വിമാനത്താവളത്തിലെ ഡിപ്പാർട്മെന്റ് മേധാവിയായിരുന്നപ്പോൾ (എയർസൈഡ് ഓപറേഷൻസ്) ബസ് സർവിസ് ഏകോപനം, വിമാനത്താവളത്തിലെ ശുചിത്വം, പക്ഷി ഇടിച്ചുള്ള അപകടസാധ്യത കുറക്കൽ, മാലിന്യ സംസ്കരണം തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു.
മലപ്പുറം ജില്ല ഭരണകൂടവുമായി സഹകരിച്ച് വിമാനത്താവളത്തിന് ചുറ്റുമുള്ള പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ വ്യോമസേനയുടെയും തീരസംരക്ഷണ സേനയുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മൈസൂരു വിമാനത്താവളത്തിന്റെ ഏഴാമത്തെ ഡയറക്ടറാണ്. ചലച്ചിത്ര സംവിധായകനും മുതിർന്ന അഭിഭാഷകനുമായ അനിൽദേവ് ആണ് ഭർത്താവ്. മക്കൾ: അഭിരാമി, അഭിഷേക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

