കൊലക്കേസ്; ബി.ജെ.പി എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടു
text_fieldsബസവരാജ്
ബംഗളൂരു: കൊലപാതകക്കേസിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.എ ബൈരതി ബസവരാജിനെ ഏഴ് ദിവസത്തെ സി.ഐ.ഡി കസ്റ്റഡിയിൽ വിട്ടു. അന്വേഷണത്തിനായി കൂടുതൽ സമയം ആവശ്യപ്പെട്ട് മുൻ മന്ത്രിയും കെ.ആർ. പുരം എം.എൽ.എയുമായ ബസവരാജിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി. അറസ്റ്റിനെതുടർന്ന് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി എം.എൽ.എ പറഞ്ഞിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിലെ ഡോക്ടർമാർ ബസവരാജിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സാക്ഷ്യപ്പെടുത്തി.
കഴിഞ്ഞ ജൂലൈ 15ന് കൊല്ലപ്പെട്ട റിയൽ എസ്റ്റേറ്റ് ഏജന്റ് ശിവപ്രകാശ് എന്ന ബിക്ല ശിവയുടെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളാണ് മുൻ മന്ത്രി. കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി സുപ്രീംകോടതി നിരസിച്ചിരുന്നു. തുടർന്ന് അഹ്മദാബാദിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയ ബസവരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈദ്യപരിശോധനക്കിടെ എം.എൽ.എ തന്റെ ഹൃദയസംബന്ധമായ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ സ്പെഷാലിറ്റി ആശുപത്രിയിൽനിന്ന് അഭിപ്രായം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ, മൂല്യനിർണയത്തിനായി ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ പ്രവേശിപ്പിക്കാൻ ബംഗളൂരു കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

