പ്രണയബന്ധം ചോദ്യം ചെയ്തു; 17കാരിയും സുഹൃത്തുക്കളും ചേർന്ന് മാതാവിനെ കൊന്ന് കെട്ടിത്തൂക്കി
text_fieldsബംഗളൂരു: പ്രണയബന്ധം ചോദ്യം ചെയ്തതിന് കൗമാരക്കാരിയായ മകളും ആൺസുഹൃത്തുക്കളും ചേർന്ന് മാതാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി. സംഭവത്തിൽ 17കാരിയായ മകളും 13നും 17നും ഇടയിൽ പ്രായമുള്ള നാല് ആൺസുഹൃത്തുക്കളും പിടിയിൽ. സൗത്ത് ബംഗളൂരുവിലെ ഉത്തരഹള്ളിയിൽ ഒക്ടോബർ 25നായിരുന്നു നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. സർക്കിൾ മാരാമ്മ ടെമ്പിൾ റോഡിന് സമീപം താമസിക്കുന്ന 34കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതി ഭർത്താവുമായി പിരിഞ്ഞ് മറ്റൊരാൾക്കൊപ്പമായിരുന്നു താമസം. പത്താം ക്ലാസിൽ തോറ്റ മകൾ, ഒമ്പതാം ക്ലാസിൽ പഠനം ഉപേക്ഷിച്ച 17 വയസ്സുള്ള ആൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.
ഇക്കാര്യമറിഞ്ഞ യുവതി മകളെ ശകാരിക്കുകയും ആൺകുട്ടിയോട് തന്റെ വീട്ടിലേക്കു വരരുതെന്ന് വിലക്കുകയും ചെയ്തിരുന്നു. സംഭവദിവസം രാത്രി ആൺകുട്ടിയും മൂന്നു കൂട്ടുകാരും ചേർന്ന് പെൺകുട്ടിയെ കാണാൻ ചെന്നു. ഇവരെ കണ്ട യുവതി ആൺകുട്ടിയുടെ ഫോൺ പിടിച്ചുവാങ്ങുകയും പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ആൺകുട്ടികൾ തൂവാല ഉപയോഗിച്ച് യുവതിയുടെ കഴുത്തുഞെരിക്കുകയും മരിച്ചെന്ന് ബോധ്യമായതോടെ മുറിയിലെ സീലിങ് ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടിയുമായി സംഘം സ്ഥലംവിട്ടു. യുവതിയുടെ പങ്കാളി വീട്ടിലെത്തിയെങ്കിലും വാതിൽ അടഞ്ഞുകിടന്നതിനാൽ ആളില്ലെന്നു കരുതി മടങ്ങി. തുടർന്ന് യുവതിയുടെ സഹോദരി ഫോണിൽ വിളിച്ചപ്പോൾ സംശയം തോന്നിയ ഇയാൾ വീട്ടിൽ പോയി ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. പെൺകുട്ടിയെ കാണാനില്ലാത്തതിനാൽ സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. എന്നാൽ, വ്യാഴാഴ്ച യുവതിയുടെ കഗ്ഗലിപുരയിലെ വീട്ടിലെത്തിയ പെൺകുട്ടിയുടെ സംസാരത്തിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തുക്കൾ അമ്മയെ കൊലപ്പെടുത്തിയെന്നും സത്യം പുറത്തുപറഞ്ഞാൽ കൊല്ലമെന്ന് ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

