യുവാവിനെ തൂണിൽ കെട്ടിയിട്ട് അടിച്ചുകൊന്നു; വിഡിയോ സമൂഹ മാധ്യമങ്ങളിൽ
text_fieldsബംഗളൂരു: ബിദാറിൽ കാമുകിയെ കാണാനെത്തിയ യുവാവിനെ യുവതിയുടെ കുടുംബാംഗങ്ങൾ തൂണിൽ കെട്ടിയിട്ട് അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഗൗണഗാവ് സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. 21നാണ് സംഭവം നടന്നത്. തൂണിൽ കെട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മർദിക്കുന്നതും യുവാവ് സഹായം അപേക്ഷിക്കുന്നതുമായുള്ള വിഡിയാ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ചിന്തകി പൊലീസ് അറിയിച്ചു. പൊലീസ് പറയുന്നതിങ്ങനെ: ഗ്രാമത്തിൽ ഒരാളെ കെട്ടിയിട്ട് ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയപ്പോൾ പരിക്കേറ്റ് വിഷ്ണു അർധബോധാവസ്ഥയിലായിരുന്നു. ആദ്യം ചിന്തകി സർക്കാർ ആശുപത്രിയിലേക്കും പിന്നീട് ബിദാർ ബ്രിംസ് ആശുപത്രിയിലേക്കും കൊണ്ടുപോയി. അവിടെ വെച്ചാണ് മരിച്ചത്.
വിഷ്ണുവിന്റെ അമ്മ ലക്ഷ്മിയുടെ പരാതിയിൽ പറയുന്നത് വിവാഹിതയായ പൂജ എന്ന സ്ത്രീയുമായി വിഷ്ണുവിന് ബന്ധമുണ്ടായിരുന്നു എന്നാണ്. ഭർത്താവിനെ ഉപേക്ഷിച്ച് വിഷ്ണുവിനൊപ്പമാണ് പൂജ താമസിച്ചിരുന്നത്. മൂന്നുമാസം മുമ്പ് പൂജ നാഗനപ്പള്ളിയിലെ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. സംഭവദിവസം വിഷ്ണു രണ്ട് കൂട്ടുകാരോടൊപ്പം പൂജയെ കാണാൻ പോയി. പൂജയുടെ പിതാവ് അശോകും സഹോദരൻ ഗജാനനും ഈ ബന്ധത്തിന്റെ പേരിൽ അയാളെ ചോദ്യംചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. തുടക്കത്തിൽ, ചിന്തകി പൊലീസ് ബി.എൻ.എസ് സെക്ഷൻ 109, 118(1), 352, 127(2) എന്നിവ പ്രകാരമാണ് കേസെടുത്തത്. വിഷ്ണുവിന്റെ മരണശേഷം കൊലപാതകക്കുറ്റം ചുമത്തി. അശോകിനെയും ഗജാനനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

