അനധികൃത കെട്ടിടങ്ങൾ നഗരസഭ പൊളിച്ചു
text_fieldsബംഗളൂരു: യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങൾ നഗരസഭ അധികൃതർ ഒഴിപ്പിച്ചു. അധിക നിലകളുള്ളതും അംഗീകൃത പ്ലാനുകളിൽനിന്ന് വ്യതിചലിക്കുന്നതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി) യെലഹങ്ക സോണൽ കമീഷണർ കരി ഗൗഡ പറഞ്ഞു. സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നിവിടങ്ങളിൽ 2400 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലത്ത് അനധികൃതമായി നിർമിച്ച മൂന്നാം നിലകൾ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയിൽ പറഞ്ഞു.
യെലഹങ്ക ന്യൂ ടൗണിൽ അനുവദിച്ച രണ്ട് നിലകൾ കവിഞ്ഞതിന് ഒരു അധിക നില നീക്കം ചെയ്തു. ശ്രീരാംപുര, ജക്കൂർ, ബാലാജി ലേഔട്ട്, കൊഡിഗെഹള്ളി, വിദ്യാരണ്യപുര എന്നിവിടങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചു. അവിടെയും അനുവദനീയ പരിധികൾ ലംഘിച്ച് ഉടമകൾ നാലാമത്തെയോ അഞ്ചാമത്തെയോ നിലകൾ വരെ നിർമിച്ചു.
ചിലതിന് അംഗീകാരമില്ലായിരുന്നു. നേരത്തേ നോട്ടീസ് നൽകിയിരുന്നു. ചില ഉടമകൾ സ്വമേധയാ അത് അനുസരിച്ചപ്പോൾ മറ്റു ചിലർ പൊളിച്ചുമാറ്റൽ നേരിടേണ്ടിവന്നു. ക്ലിയറൻസിനുള്ള ചെലവുകൾ നിയമലംഘകരിൽനിന്ന് ഈടാക്കുമെന്ന് ബി.ബി.എം.പി അധികൃതർ അറിയിച്ചു. അംഗീകൃത കെട്ടിട പദ്ധതികളുടെ ലംഘനം കൂടുതൽ ഉണ്ടായാൽ പൊളിച്ചുമാറ്റലും പിഴയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

