ഫാഷിസത്തിനെതിരെ മാനവികതയുടെ പ്രചാരകരാവണം -മുനവറലി ശിഹാബ് തങ്ങൾ
text_fieldsഗോവയിൽ നടന്ന എ.ഐ.കെ.എം.സി.സിയുടെ ദ്വിദ്വിന ശിൽപശാല മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
പനാജി: ഫാഷിസത്തിനെതിരെ മാനവികതയുടെ പ്രചാരകരായി മാറാൻ ജനാധിപത്യ വിശ്വാസികൾ തയാറാവണമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഗോവയിൽ നടന്ന എ.ഐ.കെ.എം.സി.സിയുടെ ദ്വിദ്വിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഭീഷണികളെ മാനവികതയുടെയും സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും രാഷ്ട്രീയത്തിലൂടെയാണ് തോൽപിക്കേണ്ടത്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുപോലും ഭീഷണി സൃഷ്ടിക്കുന്ന രീതിയിലാണ് ഫാഷിസം രാജ്യത്ത് ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഛത്തിസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അതിന് ഉദാഹരണമാണ്. ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. അസമിൽനിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നും കേൾക്കുന്ന വാർത്തകൾ ശുഭകരമല്ല. നിരപരാധികളെ പോലും കുറ്റക്കാരാക്കി മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.കെ.എം.സി.സി ദേശീയ പ്രസിഡന്റ് കെ. കുഞ്ഞുമോൻ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്റഫ്, കാസർകോട് ജില്ല ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. ദേശീയ സെക്രട്ടറി ഡോ. എം.എ. അമീറലി കർമ പദ്ധതികൾ വിശദീകരിച്ചു.
ഷെരീഫ് സാഗർ, എസ്.വി. മുഹമ്മദലി മാസ്റ്റർ, പി.വി. അഹമ്മദ് സാജു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും ട്രഷറർ കെ.എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
14 സംസ്ഥാനങ്ങളിൽ നിന്നായി 106 പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. ദേശീയ ഭാരവാഹികളായ കെ.പി. മുഹമ്മദ്, കെ.പി. മൊയ്തുണ്ണി, നാസർ പോണ്ടിച്ചേരി, വി.കെ. സൈനുദ്ദീൻ, നാസർ നീലസാന്ദ്ര, മുഹമ്മദ് ഹലിം ഡൽഹി, അഡ്വ. ശിഹാബുദ്ദീൻ യാസർ, ഹർഷാദ് കോയമ്പത്തൂർ, സലിം അലിബാഗ് പരിപാടികൾക്ക് നേതൃത്വം നൽകി.
10 ലക്ഷം രൂപയുടെ സാമൂഹിക സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു
പനാജി: എ.ഐ.കെ.എം.സി.സി പ്രവർത്തകർക്കായി ‘ഒപ്പം’ എന്ന പേരിൽ 10 ലക്ഷം രൂപയുടെ സാമൂഹിക സുരക്ഷ പദ്ധതി ആരംഭിക്കുമെന്ന് ശിൽപശാലയിൽ പ്രഖ്യാപനം. പ്രധാന കേന്ദ്രങ്ങളിലെ മാനവിക കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തി നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കാനും ആദ്യ കേന്ദ്രം ബംഗളൂരുവിൽ തുടങ്ങാനും തീരുമാനിച്ചു.
നിർധനരായ രോഗികൾക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ലഭിക്കുന്ന പോണ്ടിച്ചേരി ജിപ്മർ കേന്ദീകരിച്ച് പ്രഖ്യാപിച്ച ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റിയുടെ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കും. സമ്പൂർണ വിവരങ്ങൾ അടങ്ങിയ എ.ഐ.കെ.എം.സി.സി ഡയറക്ടറി പുറത്തിറക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

