മുഡ ഭൂമി ഇടപാട്; മുഖ്യമന്ത്രിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി
text_fieldsസ്നേഹമയി കൃഷ്ണയെ ബംഗളൂരു ഇ.ഡി ആസ്ഥാനത്ത് മെറ്റൽഡിറ്റക്ടർ ഉപയോഗിച്ച് പരിശോധിക്കുന്നു
ബംഗളൂരു: മൈസൂരു വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ആരംഭിച്ചു. പ്രാഥമികമായി പരാതിക്കാരനിൽനിന്ന് വ്യാഴാഴ്ച ഇ.ഡി തെളിവുകൾ ശേഖരിച്ചു.
വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയെ ഇ.ഡിയുടെ ബംഗളൂരു മേഖല ആസ്ഥാനത്ത് നോട്ടീസ് അയച്ചു വരുത്തിയാണ് മൊഴിയും വിവരങ്ങളും ശേഖരിച്ചത്. കഴിഞ്ഞ മാസം 30നാണ് ഇ.ഡി മുഖ്യമന്ത്രിക്കെതിരെ 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കെതിരെ 27ന് ലോകായുക്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതതിന് പിന്നാലെയാണിത്.
മുഖ്യമന്ത്രി, ഭാര്യ ബി.എം. പാർവതി, ഭാര്യ സഹോദരൻ എന്നിവരാണ് പ്രതികൾ. കേസിനാധാരമായ 14 പ്ലോട്ടുകൾ പാർവതി ‘മുഡ’ക്ക് തിരിച്ചുനൽകിയത് ഏറ്റെടുത്ത് വ്യാഴാഴ്ച ഉത്തരവിറക്കിയിട്ടുണ്ട്. മൈസൂരുവിലെ കേസരെ വില്ലേജില്‍ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറില്‍ 14 പ്ലോട്ടുകള്‍ പകരം നല്‍കിയത്.

